തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുണര്‍ന്നും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ. എംപി പരമേശ്വരന്‍. കേന്ദ്രസര്‍ക്കാരിന്റേത് ശരിയായ നടപടിയാണെന്നു പറഞ്ഞ പരമേശ്വരന്‍ ഇപ്പോള്‍ ചെയ്തതുപോലെ കറന്‍സികള്‍ നിരോധിക്കുകയല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ലെന്നും വ്യക്തമാക്കി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയോടാണ് പരമേശ്വരന്‍ മനസ്സുതുറന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡൂള്‍ന്യൂസിനോടും അദ്ദേഹം ഇതേ അഭിപ്രായം ആവര്‍ത്തിച്ചിരുന്നു.
തികച്ചും ശരിയായ തീരുമാനമാണത്. ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാവുന്നതേയുള്ളൂ. നടപടി മോദിയുടെ വിശ്വസ്ത ഗ്രൂപ്പില്‍പ്പെട്ടവര്‍ വേണ്ടപ്പെട്ടവരെ അറിയിച്ചെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്നറിയില്ല. കൃത്യമായി അറിയാതെ ഒന്നും പറയാനാകില്ല. പിണറായി വിജയന്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണെന്നും പരമേശ്വരന്‍ ആരോപിച്ചു. ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കാം. പക്ഷേ കേരള ജനത കുറച്ചുകൂടി ബോധവാന്മാരായതുകൊണ്ട് പാര്‍ട്ടിനേതൃത്വത്തിന് കുറച്ച് ജാഗ്രതയുണ്ടാകും. വന്‍കിട വ്യവസായവല്‍ക്കരണം, വന്‍ വിദേശ നിക്ഷേപം തുടങ്ങിയവയൊക്കെയാണ് ബുദ്ധദേവിനെപ്പോലെ പിണറായിയും ലക്ഷ്യമിടുന്നത്. ഇത് നാടിന് ചേര്‍ന്നതല്ല.
പിണറായിക്ക് നരേന്ദ്രമോഡിയാവാന്‍ കഴിയില്ലെന്നും മോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനുള്ള ശേഷി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിക്കില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. നയങ്ങളില്‍ ഇരുസര്‍ക്കാരുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി സര്‍ക്കാരും സി.പി.എം സര്‍ക്കാരും പിന്തുണയ്ക്കുന്നത്. ലെനിന്‍ അടക്കമുള്ളവര്‍ക്ക് മാര്‍ക്‌സിനെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയെന്നും ആ തെറ്റാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവര്‍ത്തിക്കുന്നതെന്നും ഡോ. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, പരമേശ്വരന്റെ അഭിപ്രായം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പരസ്യമായ അഭിപ്രായപ്രകടനത്തിന് ആരും മുതിര്‍ന്നില്ലായെങ്കിലും സ്വകാര്യസംഭാഷണങ്ങളില്‍ പലരും തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Post Your Comments