NewsIndia

കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം ഒറ്റനിമിഷം കൊണ്ട് പാഴ്ക്കടലാസാക്കി : കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് അമിത് ഷാ

അഹമ്മദാബാദ് : • യു.പി.എ ഭരണകാലത്തു കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ്ക്കടലാസ് ആക്കി മാറ്റിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷം സര്‍വസന്നാഹമൊരുക്കിയിരിക്കെ, രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ ആക്രമണമാണു ബിജെപി അധ്യക്ഷന്‍ നടത്തിയത്.

സമ്പാദ്യം നഷ്ടമായതിന്റെ അതൃപ്തിയാണു കോണ്‍ഗ്രസിന്. നാലുകോടി രൂപയുടെ കാറില്‍ നാലായിരം രൂപ മാറാനാണു രാഹുല്‍ഗാന്ധി ബാങ്കില്‍ പോയതെന്നും അമിത് ഷാ പരിഹസിച്ചു. ‘ പത്തുവര്‍ഷത്തെ അവരുടെ ഭരണത്തിനിടെ, സോണിയ-മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഓരോ മാസവും ഓരോ കുംഭകോണം നടത്തി, 2ജി, സിഡബ്ല്യുജി, കല്‍ക്കരിപ്പാടം, ആദര്‍ശ് സൊസൈറ്റി, പോര്‍വിമാന ഇടപാടുകള്‍ എന്നിങ്ങനെ.

ഇത്രയും വ്യാപകമായ അഴിമതിയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വീടുകളില്‍ കൂട്ടിവച്ചത് 12 ലക്ഷം കോടി രൂപയാണ്. മൂന്നു കേന്ദ്രബജറ്റുകള്‍ക്കു തുല്യമായ സംഖ്യയാണത്. നേതാക്കളുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുക്കളുടെ വസതികളിലും അവര്‍ പണമെല്ലാം കൂട്ടിവച്ചു. നവംബര്‍ എട്ടിനു വലിയ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിലൂടെ നരേന്ദ്രമോദി അതെല്ലാം പാഴ്ക്കടലാസുകള്‍ മാത്രമാക്കി മാറ്റി ‘ അമിത് ഷാ പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ നിലപാടെടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എസ്പി മേധാവി മുലായം സിങ് യാദവ് എന്നിവര്‍ക്കെതിരെയും ബിജെപി അധ്യക്ഷന്‍ രൂക്ഷമായ വിമര്‍ശനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button