
സൂറത്ത് ● സൂറത്തിലെ വജ്രവ്യാപരിയും വ്യവസായിയുമായ ലാല്‍ജി ഭായി പട്ടേല്‍ 6000 കോടി രൂപ സര്‍ക്കാരിന് മുമ്പാകെ സറണ്ടര്‍ ചെയ്തായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. ഇതോടെ ലാല്‍ജി ഭായ് പട്ടേലിനും മോദിയ്ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമായിരുന്നു.
ഒടുവില്‍ വാര്‍ത്ത നിഷേധിച്ച് പട്ടേല്‍ തന്നെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ തേടി സമീപിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടായിരുന്നു പട്ടേലിന്റെ പ്രതികരണം. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം താന്‍ ഒരു രൂപ പോലും സറണ്ടര്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
“ഞാന്‍ വജ്രവ്യാപരിയാണ്. ഇറക്കുമതി-കയറ്റുമതി ബിസിനസുമുണ്ട്. എന്റേത് ലോക്കല്‍ ബിസിനസല്ല” – പട്ടേല്‍ പറഞ്ഞു. പണം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ചോദ്യമൊന്നും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേര് തുന്നിച്ചേര്‍ത്ത ബ്ലൂ സ്യൂട്ട് 4.3 കോടി രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറഞ്ഞയളാണ് ലാല്‍ജിഭായ് പട്ടേല്‍.
Post Your Comments