കരിപ്പൂർ : ആഭ്യന്തര വിമാനങ്ങള്‍ക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം വിമാനയാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്നു. ഇതുമൂലം ആഭ്യന്തരസര്‍വീസ് നടത്തുന്ന വിമാനങ്ങളിൽ 200 രൂപ മുതല്‍ 700 രൂപവരെ നിരക്കുകള്‍ ഉയരാനാണ് സാധ്യത. രാജ്യത്തെ രണ്ടാംതരം നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനായി വിമാനകമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് വ്യോമയാനമന്ത്രാലയം ഇത്തരമൊരുനീക്കം നടത്തുന്നത്.
ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും പ്രത്യേക ലെവി ഏര്‍പ്പെടുത്തുക. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 26 വിമാനത്താവളങ്ങള്‍ക്ക് ഇത് ബാധകമാക്കും.
ഉഢാന്‍ പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച് 7,500 മുതല്‍ 8,500 രൂപവരെ പ്രത്യേക ലെവി ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. റീജണല്‍ കണക്ടിവിറ്റി ഗ്യാപ്പ് ഫണ്ടിങ് എന്ന പേരില്‍ പ്രത്യേക ഫണ്ടുണ്ടാക്കി ഇത്തരം മേഖലയിൽ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കാനാണ് നീക്കം. പ്രമുഖ പട്ടണങ്ങളില്‍നിന്ന് പറന്നുയരുന്ന ഓരോ ആഭ്യന്തരസര്‍വീസിനും പ്രത്യേക ലെവിയായിരിക്കും ഏർപെടുത്തുക. 1,000 കിലോമീറ്റര്‍ വരെ പറക്കുന്ന വിമാനങ്ങള്‍ക്ക് 7,500 രൂപ 1,000 മുതല്‍ 1,500 വരെ പറക്കുന്നവയ്ക്ക് 8000, 1500നു മുകളില്‍ 8500 എന്നിങ്ങനെയാണ് ലെവി നിരക്കുകൾ.
വരും വര്‍ഷങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയോ നവീകരിക്കുകയോചെയ്യുന്ന വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്ന വിമാനങ്ങള്‍ക്ക് പ്രത്യേക നികുതി ഇളവോ, ആനുകൂല്യമോ നല്‍കാന്‍ ലെവി വഴി ലഭിക്കുന്ന തുക വിനിയോഗിക്കും. പകരം ഇത്തരംവിമാനങ്ങളിലെ 50 ശതമാനം സീറ്റുകള്‍ ഉഢാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കും.
400കോടി രൂപയാണ് പദ്ധതിക്കായി വ്യോമയാനമന്ത്രാലയം കണ്ടെത്തുക. സംസ്ഥാനസര്‍ക്കാരുകളുടെ 20 ശതമാനം വിഹിതം കൂടിയാവുമ്പോള്‍ ഇത് 500 കോടിയാവും. ഉഢാന്‍ പദ്ധതിയില്‍ ടിക്കറ്റ് ബുക്കുചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ ഫണ്ടുപയോഗിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 476 മുതല്‍ 500കിലോമീറ്റര്‍ പറക്കാന്‍ 2500 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭ്യമാക്കും. 1420 രൂപമുതല്‍ 3500 രൂപ വരെ ടിക്കറ്റ് ലഭ്യമാക്കാനാണ് പദ്ധതി.
വിമാനകമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടം റീജണല്‍ കണക്ടിവിറ്റി ഫണ്ടില്‍നിന്ന് നല്‍കും. ഹെലിക്കോപ്റ്ററുകളില്‍ 30 മിനിറ്റ് പറക്കാന്‍ 2,500 രൂപയ്ക്കും ഒരു മണിക്കൂർ പറക്കാന്‍ 5,000 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാക്കാനും പദ്ധതിയുണ്ട്.
Post Your Comments