ന്യൂഡല്‍ഹി : നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് പൊതുജനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എടിഎമ്മുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കര്‍മസേനയ്ക്ക് രൂപം നല്‍കി.കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ അധ്യക്ഷതയിലാണ് കര്‍മസേനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന നടപടികള്‍ ടാസ്‌ക് ഫോഴ്‌സ് ഊര്‍ജ്ജിതമാക്കും. പണം എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പണം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് വഴി കൂടുതല്‍ പണം മാറ്റി നല്‍കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. നോട്ടുകള്‍ മാറ്റി നല്‍കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുവാദം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പണം ലഭ്യമാക്കുമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ 500, 1000 നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നേരത്തെ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. നോട്ടുകളുടെ കാലാവധി ഇന്ന് അര്‍ദ്ധരാത്രിയില്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം.
Post Your Comments