തിരുവനന്തപുരം● കറന്‍സി വിഷയത്തില്‍ ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണ് എന്ന് നിശ്ചയിക്കുമ്പോൾ ജനങ്ങളാകണം മുന്നിൽ. ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും എത്ര തന്നെ വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. ഇന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ടു പ്രശ്നങ്ങൾ വിശദീകരിച്ചു. പഴയ നോട്ടുകൾ മാറ്റാനുള്ള സമയ പരിധി നവംബർ 24 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കറൻസി വിഷയവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ വിവരണാതീതമാണ്. അക്കാര്യം ഇന്നലെ വിശദമായി പറഞ്ഞിരുന്നു. ഇന്നത്തെ പ്രതിസന്ധിക്കു ഒരു ന്യായീകരണവുമില്ല. ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും എൻ ഡി എ സർക്കാരിനും സംഭവിച്ചത്. ഇന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ടു പ്രശ്നങ്ങൾ വിശദീകരിച്ചു. പഴയ നോട്ടുകൾ മാറ്റാനുള്ള സമയ പരിധി നവംബർ 24 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ ശക്തമാണ്. അവയ്ക്ക് നോട്ടുകൾ മാറാനുള്ള ചുമതല നൽകണം. ട്രഷറികളെയും ഇതിൽ ഉൾപ്പെടുത്തണം.
ശബരി മല സീസൺ തുടങ്ങുകയാണ്. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തുക. അവർക്ക് പ്രയാസം ഉണ്ടാകരുത്. അതിനു പ്രത്യേക സംവിധാനം വേണം. ശബരിമല തീർത്ഥാടകർക്കായി പ്രത്യേക എക്സ്റ്റൻഷൻ കൗണ്ടറുകൾ തുറക്കാം എന്ന് ധനമന്ത്രി ഉറപ്പു നൽകി. സഹകരണ ബാങ്കുകൾക്കു കൂടി എക്സ്റ്റൻഷൻ കൗണ്ടറുകൾ വേണം എന്നാണു കേരളത്തിന്റെ ആവശ്യം.
കെ എസ് എഫ് ഇ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അതിനെ കുഴപ്പത്തിലാക്കിയിരിക്കുന്നു. കെ എസ് എഫ് ഇ യെ രക്ഷിക്കാൻ പ്രത്യേക നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അനുകൂലമായ മറുപടിയാണ് കേന്ദ്ര ധനമന്ത്രിയിൽ നിന്നുണ്ടായത്.
ഇന്ന് നിൽക്കുന്ന പ്രശ്നങ്ങൾ എളുപ്പത്തിൽ അവസാനിക്കുമെന്ന് വിശ്വസിക്കാനുള്ള സൂചനകളൊന്നുമില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണ് എന്ന് നിശ്ചയിക്കുമ്പോൾ ജനങ്ങളാകണം മുന്നിൽ. ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും എത്ര തന്നെ വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കപ്പെടില്ല. പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻ സംസ്ഥാന ഗവർമെന്റ് ആവുന്നതെല്ലാം ചെയ്യും.
Post Your Comments