India

നോട്ട് ക്ഷാമം: ത്വരിത ഗതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമായി ആര്‍.ബി.ഐ

മുംബൈ : 500 ,1000 നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ നോട്ട് ക്ഷാമം പരിഹരിക്കാൻ അച്ചടി കേന്ദ്രങ്ങളില്‍ പരമാവധി നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിൽ അറിയിച്ചു.

അച്ചടിശാലകളെല്ലാം ഫുള്‍ കപ്പാസിറ്റിയിലാണ്. അടിയന്തരസാഹചര്യം നേരിടുവാന്‍ റിസര്‍വ് ബാങ്കിന്റെ നോട്ടടി ശാലകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. നോട്ട് ക്ഷാമം പരിഹരിക്കുവാന്‍ ജനങ്ങള്‍ ഓണ്‍ലൈന്‍/മൊബൈല്‍ ബാങ്കിംഗിലേക്ക് തിരിയണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിക്കുന്നു.

പ്രീപെയ്ഡ്, റുപേ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, തുടങ്ങിയ സമാന്തരസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാൽ നോട്ട് ക്ഷാമം പരിഹരിക്കാന്‍ സാധിക്കും. ഇതിലൂടെ ഡിജിറ്റല്‍ ബാങ്കിംഗില്‍ രാജ്യത്തിന് കുതിക്കാന്‍ സാധിക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

അച്ചടിച്ച പുതിയ നോട്ടുകള്‍ രാജ്യത്തെ നാലായിരത്തോളം കേന്ദ്രങ്ങളിലായി സംഭരിച്ചിട്ടുണ്ട്. ആവശ്യമായ പണം ഇവിടെ നിന്ന് ബാങ്കുകളിലെത്തിക്കും. 500,1000നോട്ടുകള്‍ എത്രയും പെട്ടെന്ന് തിരിച്ചെടുത്ത് സുരക്ഷിതമായി നശിപ്പിക്കുക എന്നതാണ് തങ്ങള്‍ക്കുള്ള പ്രധാന ഉത്തരവാദിത്തം. മറ്റു നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

പുതിയ നോട്ടുകള്‍ ശേഖരിക്കാന്‍ പാകത്തില്‍ എടിഎമ്മുകള്‍ റീകാലിബറേറ്റ് ചെയ്യുവാനും, നൂറ് രൂപ, അന്‍പത് രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനുമുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

നോട്ടുകള്‍ അസാധുവാക്കപ്പെട്ട നവംബര്‍ പത്തിന് മാത്രം പത്ത് കോടിയോളം ഇടപാടുകളാണ് രാജ്യത്ത് നടന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവന്‍ ആര്‍ബിഐ ഓഫീസുകളും ബാങ്കുകളും ശനിയാഴ്ചയും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും. അസാധുവാക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കാനുള്ള സമയപരിധി ചിലപ്പോള്‍ നീട്ടിയേക്കാനും സാധ്യതയുണ്ട്.

നോട്ടുകള്‍ തിരിച്ചെടുക്കാനരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ അരലക്ഷം കോടിയിലേറെ രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലെത്തിയിട്ടുണ്ട്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ആവശ്യമായ സമയമുണ്ടെന്നും അനാവശ്യതിടുക്കം കാട്ടി സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും റിസര്‍വ് ബാങ്ക് ജനങ്ങളെ ഉപദേശിക്കുന്നു.

അതേസമയം പണമിടപാടുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം തിരിച്ചെടുക്കാനുള്ള അവസരം ആളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.

നാസിക് (മഹാരാഷ്ട്ര), മൈസൂര്‍(കര്‍ണാടക) എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ നോട്ട് അച്ചടി ശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Post Your Comments


Back to top button