India

കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി● സസ്പെന്‍ഷനിലായ ബി.ജെ.പി നേതാവും എം.പിയുമായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ വസതിയില്‍ സന്ദർശിച്ച ശേഷമാണ് പാർട്ടിയിൽ ചേർന്നതായി പൂനം പ്രഖ്യാപനം നടത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പൂനത്തിന്റെ പാര്‍ട്ടി പ്രവേശനം.

ബി.ജെ.പി ഡല്‍ഹി യൂണിറ്റ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പൂനം. നേരത്തെ ഡൽഹി വൈസ് പ്രസിഡന്റായും അവർ പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആം ആദ്മിയില്‍ യുവാക്കള്‍ക്ക് ശോഭനമായ ഭാവി താന്‍ കാണുന്നുണ്ടെന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് താന്‍ ബി.ജെ.പി വിടുന്നതിന് കാരണക്കാരനെന്നും പൂനം പ്രതികരിച്ചു.

ആം ആദ്മി പാര്‍ട്ടിയുമായി ചേർന്നു പ്രവർത്തിക്കാൻ പൂനം വളരെ നാളുകൾക്കു മുമ്പേ സന്നദ്ധത അറിയിച്ചിരുന്നതാണെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ന് ഔദ്യോഗിക ചർച്ചകൾ മാത്രമാണ് നടന്നത്. ഞായറാഴ്ച മുതൽ പാർട്ടി അംഗമായി അവർ മാറിയെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിയ്ക്കെതിരെയുണ്ടായ അഴിമതി ആരോപണത്തില്‍ ജെയ്റ്റ്‌ലിയ്ക്കെതിരെ നിലപാടെടുത്ത ദാർബാംഗ മണ്ഡലത്തിൽനിന്നുള്ള ലോകസഭാംഗമായ കീർത്തി ആസാദിനെ ബിജെപിയിൽനിന്നും 2015 സസ്പെൻഡ് ചെയ്തിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം.

shortlink

Post Your Comments


Back to top button