ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച 500 ,1000 നോട്ടുകൾക്ക് പകരമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500,2000 നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമായിത്തുടങ്ങും. വ്യാഴ്ചകളിൽ ബാങ്ക് പ്രവർത്തിക്കുമെങ്കിലും എ.ടി.എമ്മുകൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
വെള്ളിയാഴ്ചയോടെ മാത്രമേ ഇനി എ.ടി.എമ്മുകള്‍ പൂർണ്ണമായും പ്രവര്‍ത്തനസജ്ജമാവുകയുള്ളൂവെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ പറഞ്ഞു.
പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ വെള്ളിയാഴ്ച വൈകീട്ടുവരെ ഏതാനും മേഖലകളെക്കൂടി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെ ടോള്‍പിരിവ് ഒഴിവാക്കി. മെട്രൊ റെയില്‍വേ വെള്ളിയാഴ്ച രാത്രിവരെ പഴയ നോട്ടുകള്‍ സ്വീകരിക്കും.
മരുന്നുകടകള്‍, പാചകവാതകവിതരണ സ്ഥാപനങ്ങള്‍, റെയില്‍വേ കാറ്ററിങ്, മ്യൂസിയങ്ങൾ എന്നിവയില്‍ക്കൂടി പഴയ നോട്ടുകള്‍ വെള്ളിയാഴ്ച വൈകീട്ടുവരെ സ്വീകരിക്കും. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
Post Your Comments