NewsIndia

കള്ളപ്പണം വെളുപ്പിക്കല്‍ : വഴിതേടിയവര്‍ക്കു മുന്നില്‍ സഹായഹസ്തവുമായി ജ്വല്ലറികള്‍

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയത് കള്ളപ്പണം കറന്‍സിയാക്കി സൂക്ഷിച്ചവര്‍ക്കാണെന്ന് വ്യക്തമാണ്. ഇക്കൂട്ടര്‍ ജൂവലറിയുടമകളുമായി കൂട്ടുചേര്‍ന്ന് പണംവെളുപ്പിക്കാന്‍ കരുനീക്കം തുടങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൂഴ്ത്തിവയ്പ്പുകാരെ സഹായിക്കാന്‍ അവരുടെ കൈവശമുള്ള അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ വാങ്ങി പകരം വ്യാപകമായി സ്വര്‍ണത്തിന്റെ വിനിമയം നടത്തുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് വന്‍വില ഈടാക്കിയായിരുന്നു വില്‍പന. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണമാക്കി മാറ്റുകയാണ് എളുപ്പമാര്‍ഗമെന്ന് കണ്ടായിരുന്നു ഈ കച്ചടവത്തിന് സാധ്യത തെളിഞ്ഞത്. സ്വര്‍ണം ഗ്രാമിന് 2860 രൂപയായിരുന്നു നോട്ടുകള്‍ അസാധുവാക്കുന്ന പ്രഖ്യാപനം വന്ന എട്ടാംതീയതിയിലെ വില നിലവാരം. അന്നു രാത്രിതന്നെ പല ജ്വല്ലറികളിലും സ്വര്‍ണം കള്ളപ്പണത്തിന് പകരമായി വിനിമയം ചെയ്തത് ഗ്രാമിന് അയ്യായിരം രൂപയോളം ഈടാക്കിയാണ്.

മീററ്റ്, ആഗ്ര, ഡെറാഡൂണ്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം സ്വര്‍ണക്കച്ചവടം തകൃതിയായി നടന്നിട്ടുണ്ട്. മുംബൈയില്‍ പത്തുഗ്രാമിന് 37,000-38,000 രൂപ നിരക്കില്‍ ഈടാക്കിയായിരുന്നു കച്ചവടം. മലാഡിലെ നടരാജ് മാര്‍ക്കറ്റില്‍ രാത്രി വൈകിയും കച്ചവടം നടന്നു. അസാധുവാക്കിയ നോട്ടുകള്‍ അടുത്തമാസം അവസാനംവരെ മാറ്റിവാങ്ങാമെന്നതിനാല്‍ ഈ കച്ചവടം ഇനിയും ഉയരുമെന്നും ചിലയിടത്ത് പത്തുഗ്രാമിന് അമ്പതിനായിരം രൂപവരെ ഈടാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും ഈ കച്ചവടം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന വില നല്‍കി സ്വര്‍ണം വാങ്ങാന്‍ എത്തിയവര്‍ എല്ലാവരും കള്ളപ്പണം സൂക്ഷിച്ചിരുന്നവരാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വര്‍ണം എത്രകാലം വേണമൈങ്കിലും രഹസ്യമായി സൂക്ഷിക്കാമെന്നതാണ് കള്ളപ്പണക്കാരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. മോദിയുടെ കറന്‍സി നിയന്ത്രണ, നിരോധന പ്രഖ്യാപനം വന്നതോടെ ഇന്നലെ ഒറ്റയടിക്ക് സ്വര്‍ണവില ഉയരുകയും ചെയ്തിരുന്നു.

രാജ്യത്ത് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നോട്ടുകള്‍ സ്വീകരിച്ച് വന്‍കിടക്കാര്‍ക്കുവേണ്ടി വന്‍ സ്വര്‍ണക്കച്ചവടമാണ് അരങ്ങേറിയത്. കേരളത്തിനു പുറമെ ഡല്‍ഹി, മുംബൈ യുപി, ഉത്തരാഘണ്ഡ് മേഖലകളില്‍ ചില ജ്വല്ലറികള്‍ കഴിഞ്ഞദിവസങ്ങളില്‍ പാതിരാത്രി വൈകിയും ബിസിനസ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു ജൂവലറിക്കുവെളിയില്‍ പണംമാറ്റി സ്വര്‍ണമാക്കാന്‍ കാത്തുനിന്നവരുടെ ക്യൂപോലും കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടുമണിവരെയും തുടര്‍ന്നിരുന്നു. പിന്നീട് പ്രശ്‌നമാകുമെന്ന് കണ്ട് കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. ഇനി കറന്‍സി സൂക്ഷിപ്പ് വിട്ട് സ്വര്‍ണം സമ്പാദ്യമാക്കാനാണ് കള്ളപ്പണക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Post Your Comments


Back to top button