Kerala

പെട്രോ കെമിക്കല്‍ പാര്‍ക്ക് : മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പിന്തുണ തേടി

കൊച്ചി● കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കേന്ദ്രത്തില്‍നിന്നുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കേന്ദ്രമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥലമേറ്റെടുക്കല്‍ മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ ഗെയ്‌ലിന്റെ ഗ്യാസ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമായി വിതരണം ചെയ്യും. ഗതാഗതത്തിനും ഗാര്‍ഹികാവശ്യത്തിനുമുള്ള ഗ്യാസ് ആഭ്യന്തര നിരക്കില്‍ വിതരണം ചെയ്യാമെന്നും ധാരണയായി.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചിയിലെ പ്ലാന്റ് ബിപിസിഎല്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷം തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി. ഭാരത് പെട്രോളിയത്തിന്റെ ബോട്ട്‌ലിങ് യൂണിറ്റുകളിലെ സമരം ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കേരള തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ദ്രവീകൃത പ്രകൃതിവാതകത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതു സംബന്ധിച്ച് ശാസ്ത്രീയമായി പഠിച്ചശേഷം നടപടിയെടുക്കും. ഫാക്ടില്‍ പുതിയ യൂറിയ പ്ലാന്റ് തുടങ്ങാന്‍ എല്ലാ സഹായവും നല്‍കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തൊഴില്‍ വകുപ്പ് സെക്രട്ടറിയും കേന്ദ്ര പെട്രോളിയം സെക്രട്ടറിയും ചര്‍ച്ച നടത്തുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നതിന് ശാസ്ത്രീയ പഠനം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പെട്രോകെമിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ക്ഷണിച്ചു. പെട്രോളിയം മേഖലയില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ഡിസംബര്‍ ഏഴിന് ഡല്‍ഹിയില്‍ നടക്കുന്ന പെട്രോടെക് കോണ്‍ക്ലേവില്‍ ഇക്കാര്യം എടുത്തുകാട്ടുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പെട്രോടെക് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു.

ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് സെക്രട്ടറി കെ.ഡി. ത്രിപാഠി, വ്യവസായ-ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി. രാജ്കുമാര്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജി.കെ. സതീഷ്, പെട്രോനെറ്റ് എല്‍എന്‍ജി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പ്രഭാത് സിംഗ്, ഗെയ്ല്‍ ചെയര്‍മാന്‍ ബി.സി. ത്രിപാഠി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button