വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനു മുന്‍തൂക്കം. കെന്റക്കി, ഇന്‍ഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപിനു വിജയം. വെര്‍മണ്ട് സംസ്ഥാനം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനൊപ്പം നിന്നു. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.
50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും (വാഷിങ്ടന്‍ ഡിസി) വോട്ടെടുപ്പു പൂര്‍ത്തിയായ ഉടനെതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര് മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.
ന്യൂഹാംഷെറിലെ മൂന്നു ചെറു ഗ്രാമങ്ങളിലെ ഫലം വന്നപ്പോള്‍ ട്രംപാണ് മുന്നില്‍. ന്യൂഹാംഷെറിലെ ഡിക്സ്വില്ലെ നോചിലാണ് യുഎസ് തിരഞ്ഞെടുപ്പുകളില്‍ ആദ്യം വോട്ടു വീഴുക. ഇന്നലെ യുഎസ് സമയം അര്‍ധരാത്രിക്കു ശേഷം ഈ ചെറുഗ്രാമത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഹിലരിക്കാണു ജയം.
ഹിലരിക്കു നാലു വോട്ടും ട്രംപിന് രണ്ടു വോട്ടും കിട്ടി. 12 വോട്ടര്‍മാരുള്ള ഇവിടെ എട്ടു വോട്ടുകളാണ് പോള്‍ ചെയ്തത്. ഒരു വോട്ട് ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഗാരി ജോണ്‍സണാണ്. ഇത്തവണ മല്സരത്തിലില്ലാത്ത മിറ്റ് റോംനിക്കും ഒരു വോട്ടുകിട്ടി. റൈറ്റ്–ഇന്‍ സംവിധാനം ഉള്ളതിനാലാണ് മല്‍സരരംഗത്തില്ലാത്ത പഴയ സ്ഥാനാര്‍ഥിക്കും ഒരു വോട്ട് കിട്ടിയത്.
ബാലറ്റിലില്ലാത്ത സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍മാര്‍ക്ക് എഴുതിച്ചേര്‍ക്കാവുന്ന സംവിധാനമാണ് റൈറ്റ് – ഇന്‍. എന്നാല്‍, ന്യൂഹാംഷെറിലെ മില്‍സ്ഫീല്‍ഡില്‍ നേടിയ വിജയത്തിലൂടെ ട്രംപ് മുന്നിലെത്തി 16- 4. മൂന്നാമത്തെ ഗ്രാമമായ ഹാര്‍ട്സ് ലൊക്കേഷനില്‍ ഹിലറി 17–14 ന് ജയിച്ചു. മൂന്നു ഗ്രാമങ്ങളും കൂടി ചേരുമ്പോള്‍ ട്രംപിനു മുന്‍തൂക്കം – 32-25.
Post Your Comments