Kerala

പുതിയ പരിഷ്ക്കാരങ്ങളുമായി പി.എസ്.സി

തിരുവനന്തപുരം : ചെലവു ചുരുക്കലിന്‍റെ ഭാഗമായി അപേക്ഷിക്കുന്നവരില്‍ 40 ശതമാനം പേരും പരീക്ഷയെഴുതാതിരിക്കുന്നത് പാഴ്‌ച്ചെലവുണ്ടാക്കുന്നതായി പി.എസ്.സി.യുടെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍  പുതിയ പരീക്ഷാ രീതി കമ്മീഷന്‍ യോഗം അംഗീകരിച്ചു.

ഇനി മുതല്‍ പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ക്കു മാത്രമേ പരീക്ഷയെഴുതാനാകൂ. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമായുള്ള പി.എസ്.സി.യുടെ ആദ്യ പരീക്ഷ ജനവരി രണ്ടാംവാരം നടത്തും. പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

പുതിയ സോഫ്റ്റ്‌വെയറിന്‍റെ  അവതരണം യോഗത്തിലുണ്ടായി ഇതു വിജയത്തിലാകുന്നതോടെ പി.എസ്.സി.യുടെ മുഴുവന്‍ പരീക്ഷകളും ഈ സംവിധാനത്തിലേക്കു ചുവട് മാറ്റും. പരീക്ഷാഹാളിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം 20ല്‍നിന്ന് 30 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം തത്കാലത്തേക്കു മാറ്റിവെക്കാന്‍ തീരുമാനിച്ചു. ചോദ്യക്കടലാസിലെ  കോഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഒ.എം.ആര്‍. ഉത്തരക്കടലാസില്‍ മാറ്റംവരുത്തുന്നതിനും കാലതാമസമെടുക്കുന്നതുകൊണ്ടാണ് ഈ പരിഷ്‌കാരം മാറ്റിയത്.

250 കോടി രൂപയുടെ ബജറ്റ് നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. ഇത് സര്‍ക്കാരിന് ഉടൻ സമര്‍പ്പിക്കും. ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ തസ്തികയിലേക്ക് 39 പേര്‍ക്ക് നിയമനശുപാര്‍ശ അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ബാക്കിയുള്ള 24 ഒഴിവിലേക്ക് എന്‍.സി.എ വിജ്ഞാപനം ക്ഷണിക്കാനും , ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള വിശ്രമസങ്കേതം പണിയുന്നതിന് മരാമത്ത് വകുപ്പിന്‍റെ കൈവശമുള്ള 11 ലക്ഷം രൂപ വിനിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.

shortlink

Post Your Comments


Back to top button