പാനൂർ : മുന്‍ പെരിങ്ങളം എം.എല്‍.എ.യും,മുന്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്നകെ.എം.സൂപ്പി(84) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് സ്വവസതിയിൽ വെച്ച് അന്തരിച്ചു.
1964-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാനൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്ന് പി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ചായിരുന്നു സൂപ്പിയുടെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. എതിരില്ലാതെ സൂപ്പി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു.
1970 ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിലെ വി.അശോകന്‍ മാസ്റ്ററെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1988ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച് വീണ്ടും പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ കോണ്‍ഗ്രസിലും പിന്നീട് മുസ്ലിം ലീഗിലും എത്തിച്ചേര്‍ന്ന കെ.എം സൂപ്പി 1980, 82, 84 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രന്‍, എന്‍.എ മമ്മുഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചു.
1991ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഗുരുവായ പി.ആര്‍. കുറുപ്പിനെ സൂപ്പി പരാജയപ്പെടുത്തിയത് ഏറെ ജന ശ്രദ്ധ നേടിയിരുന്നു. 2015 വരെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റായി പ്രവർത്തിച്ചു.
മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിക്ക് പാനൂര്‍ നജാത്ത് ഹൈസ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം പാനൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളയില്‍ നാലുമണിയോടെ ഖബറടക്കും. കെ.എം സൂപ്പിയുടെ നിര്യാണത്തിൽ അനുശോചിച്ച് വൈകീട്ട് അഞ്ചു മണിവരെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഹർത്താലാചരിക്കും. പാനൂർ ടൗണിൽ അഞ്ച് മണിക്ക് സർവകക്ഷി അനുശോചനവും നടക്കും.
Post Your Comments