തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ മുഖ്യ പ്രതി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് സൂചന. സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ നടപടി ഉണ്ടാവൂ എന്നാണ് സൂചന.
സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെ ആയതിനാല്‍ തെളിവുകള്‍ കണ്ടെത്തുക ഏറെ പ്രയാസമാണെന്നാണ് പോലീസ് കരുതുന്നത്.കൂടാതെ പരാതിക്കാരി കോടതില്‍ നല്‍കിയ മൊഴി നിലനില്‍ക്കുകയും ചെയ്യുന്നു. സാഹചര്യ തെളിവുകളാണ് ഈ സാഹചര്യത്തില്‍ പോലീസ് ആശ്രയിക്കുന്നത്. ടെലഫോണ്‍ സംഭാഷണം, മെസ്സേജുകള്‍ തുടങ്ങിയവ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിശദമായ പരിശോധനയ്ക്ക് ഇതുവരെയുള്ള കേസ് ഫയലുകള്‍ വിധേയമാക്കും. കേസില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍നിന്ന് ശേഖരിക്കാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്.
പോലീസ് കേസ് അട്ടിമറിച്ചു എന്ന ആരോപണം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പേരാമംഗലം സിഐ പ്രതികള്‍ക്കായി യുവതിയെ സ്വാധീനിക്കുകയും കോടതിയില്‍ മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് അന്വേഷണം.
ആരോപണ വിധേയനായ പി.എന്‍ ജയന്തന്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.
Post Your Comments