ലക്നൗ : ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ ഉണ്ടായ കുടുംബ വഴക്ക് തീർന്നു എന്ന് പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ ശിവപാൽ സിംഗ് യാദവും വീണ്ടും വാക്കു തർക്കത്തിൽ ഏർപ്പെട്ടു. സമാജ് വാദി പാർട്ടിയുടെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇരുവരും വാക്കുകള് കൊണ്ട് പരസ്പരം പോരടിച്ചത്.
“മുഖ്യമന്ത്രി അഖിലേഷ് യാദവിന് തന്നെ പുറത്താക്കാനും അപമാനിക്കാനും കഴിയുമെന്നും പക്ഷേ, എന്തൊക്കെ ചെയ്താലും താൻ പാർട്ടിക്ക് വേണ്ടി രക്തം പോലും നൽകുമെന്ന്” പറഞ്ഞു കൊണ്ടാണ് പരസ്പര വാക്ക് പോരിന് ശിവപാൽ സിംഗ് യാദവ് തുടക്കമിട്ടത്.
“യാതൊരു പ്രവർത്തനവും നടത്താതെ പാരന്പര്യം ഒന്നുകൊണ്ട് മാത്രമാണ് ചില ആൾക്കാർ അധികാരത്തിൽ എത്തുന്നത്. മറ്റു ചിലർ പാർട്ടിക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചിട്ടും എങ്ങുമെത്താതെ പോവുന്നു. അഖിലേഷിന് വേണമെങ്കിൽ എന്നെ അപമാനിക്കുകയോ പുറത്താക്കുകയോ ചെയ്യാം. എന്നാലും പാർട്ടിക്കു വേണ്ടി രക്തം നൽകാന് ഞാൻ തയ്യാറാണ്. കഴിഞ്ഞ നാല് വർഷം മന്ത്രിയെന്ന നിലയിൽ കഠിനമായാണ് ഞാൻ അദ്ധ്വാനിച്ചത്. ഒരിക്കലും മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിച്ചിട്ടില്ല” എന്ന് ശിവപാൽ യാദവ് പറഞ്ഞു.
“ചിലർ പാർട്ടിയിലേക്ക് അതിക്രമിച്ചു കയറുന്നത് ഭിന്നതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയുന്നത് . അഖിലേഷിനെ എന്നെ എന്തും പറയാം. മറുത്തൊന്നും ഞാൻ പറയില്ല. എന്നാൽ, നേതാജി (മുലായം സിംഗ് യാദവ്)യെ ചോദ്യം ചെയ്താൽ അത് ഞാനും പാർട്ടിയും സഹിക്കില്ല. പകരം നേതാജിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന്” ശിവപാൽ കൂട്ടിച്ചേർത്തു.
“തന്റെ കൈയിൽ വാളുതന്നിട്ട് അതുപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന” മറുപടിയുമായാണ് ചിറ്റപ്പനു നേരെ അഖിലേഷ് രംഗതെത്തിയത്. “യു.പി നിയമസഭാ തിരഞ്ഞെടുപ്പ് രാാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും,താൻ എത് പരീക്ഷണത്തിനും തയ്യാറാണെന്നും” അഖിലേഷ് പറഞ്ഞു.
“ചില കാര്യങ്ങൾക്ക് ഞാൻ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല ജനങ്ങളോട് ഞാന് ഒന്ന് പറയാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ എന്റെ വാക്ക് കേൾക്കും പക്ഷേ, അത് പാർട്ടിക്ക് എന്തെങ്കിലും കോട്ടം സംഭവിച്ച ശേഷമായിരിക്കും”. പാരന്പര്യം കൊണ്ട് മത്രം അധികാരത്തിൽ എത്തിയവർ ഉണ്ടെന്ന ശിവപാലിന്റെ വിമർശനത്തിന് മറുപടിയായി ആണ് അഖിലേഷ് പറഞ്ഞത് .
“2017ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും ബി.എസ്.പിയേയും തോൽപിക്കുകയല്ല ലക്ഷ്യം. വരാൻ പോകുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്നതാവും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 80ൽ 70 സീറ്റ് യു.പിയിൽ നേടിയിട്ടും സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മുസാഫർനഹറിലും,കൈരാനയിലും സംഘർഷമുണ്ടാക്കുകയാണ് ബി.ജെ.പി ചെയ്തത്. യു.പിയിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ വരികയും ബി.ജെ.പിയെ പോലുള്ള വർഗീയ ശക്തികളെ ഉയർത്തെഴുന്നേൽക്കാൻ അനുവദിക്കുകയില്ലെന്നും” അഖിലേഷ് വ്യക്തമാക്കി.
“അധികാരമെന്നത് സമ്മാനമായി കിട്ടിയതല്ലെന്നും കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്തതുമാണെന്ന് പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് പറഞ്ഞു. മുദ്രാവാക്യങ്ങൾ കൊണ്ട് മാത്രം കാര്യമില്ലെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും” അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ അഖിലേഷ് യാദവിന്റെ പ്രവർത്തനങ്ങളെ മുലായം പുകഴ്ത്തുകയും മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും ഓർമപ്പെടുത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ആർ.എൽ.ഡി അദ്ധ്യക്ഷൻ അജിത് സിംദ്, ജെ.ഡി(യു) നേതാവ് ശരത് യാദവ്, ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് ചൗത്താല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചടങ്ങിനെത്തിയില്ല.
Post Your Comments