കോഴിക്കോട് : നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ പിതാവായ അബൂബക്കര്‍ സിദ്ദീഖ് മാപ്പ് പറഞ്ഞു. കുട്ടിക്ക് അഞ്ച് ബാങ്കിന്റെ സമയം കഴിയുന്നത് വരെ മുലപ്പാല്‍ കൊടുക്കരുതെന്നായിരുന്നു പിതാവായ അബൂബക്കര്‍ വാശിപിടിച്ചത്. അബൂബക്കറിന്റെ ആവശ്യം ആശുപത്രി അധികൃതര്‍ എതിര്‍ത്തതോടെ വാര്‍ത്ത പുറത്തായി വലിയ വിവാദമായി. പ്രശ്‌നത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് ഉപദേശം നല്‍കിയ കളംതോട് ഹൈദ്രോസ് തങ്ങളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അബൂബക്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
എനിക്ക് പറ്റിയ അബദ്ധം ഞാന്‍ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായീകരിക്കുകയല്ല എന്റെ തെറ്റുകള്‍ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ്. കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും സംഭവത്തില്‍ മാപ്പു പറയുന്നുവെന്നും അബൂബക്കര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന് പിതാവ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കര്‍ പറയുകയായിരുന്നു. കളംതോട് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും അബൂബക്കര്‍ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിലെ ജീവനക്കാരും പൊലീസും ആവശ്യപ്പെട്ടിട്ടും അബൂബക്കര്‍ സമ്മതിച്ചിരുന്നില്ല. സംഭവത്തില്‍ ജാമ്യമില്ലാ കേസ് പ്രകാരം തങ്ങളെയും അബൂബക്കറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments