തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ യുവതി സി.പി.എം നേതാവ് ജയന്തനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ജയന്തന് പലതവണ ബലാത്സംഗം ചെയ്തതായാണ് പുതിയ വെളിപ്പെടുത്തല്‍.
തട്ടിക്കൊണ്ടുപോയി വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനും അനുജനും ഉള്‍പ്പെടെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി യുവതി ഇന്നലെ ഉച്ചയോടെയാണ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ഇതിനുശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ പരാതിയിലാണ് കൂട്ട ബലാത്സംഗത്തിനുശേഷം പലതവണ വീട്ടില്‍ കയറി ജയന്തന് പിന്നീടും തന്നെ മാനഭംഗപ്പെടുത്തിയതായി ആരോപിക്കുന്നതെന്ന് പരാതിയെ ഉദ്ധരിച്ച് പീപ്പിള്‍ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്നെ ഭീഷണിപ്പെടുത്തി നഗ്നചിത്രം എടുത്തെന്നും ഈ ചിത്രം കാട്ടിയാണ് പിന്നീട് വീട്ടില്‍ അതിക്രമിച്ചു കയറി പലതവണ ബലാത്സംഗം ചെയ്തതെന്നും പരാതിയിലുണ്ട്. തന്നെക്കുറിച്ച് അര്‍ത്ഥംവച്ചു ചിരിച്ച് ഭര്‍ത്താവിനെയും മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി മുഖ്യമന്ത്രിക്കും വനിത സെല്‍ ഡിവൈഎസ്പിക്കും നല്കിയ പരാതിയുടെ പകര്‍പ്പിലുണ്ടെന്ന് പീപ്പിള്‍ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. തന്റെ ഭര്‍ത്താവ് ജയന്തന് പണം കടം കൊടുത്തിരുന്നെന്നും ഇതു തിരിച്ചു ചോദിച്ചതിലുള്ള പ്രതികാരത്തിനാണ് തന്നെ ബലാത്സംഗം ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.
തനിക്കും കുടുംബത്തിനുമെതിരെ വടക്കാഞ്ചേരിയിലെ സിപിഐ(എം) കൗണ്‍സിലറായ ജയന്തനും സംഘവും നടത്തിയ അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തിയ പരാതിയാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്.
ഏപ്രിലിലെ അവസാനത്തെ ആഴ്ചയിലാണ് പീഡനം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന് അപകടം പറ്റിയെന്നു പറഞ്ഞ് ജയന്തന് തന്നെ വിളിച്ചു. അത്താണിയിലെ പാലത്തിനു സമീപം കാറുണ്ടെന്നും അങ്ങോട്ട് ചെല്ലണമെന്നും പറഞ്ഞു. അങ്ങനെയാണ് താന്‍ കാറിലേക്ക് ചെല്ലുന്നത്.
കാറില്‍ ജയന്തനൊപ്പം ബിനീഷ്, ജിനീഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു. ജയന്തനായിരുന്നു ടവേര കാര്‍ ഓടിച്ചിരുന്നത്. കൂര്‍ക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയിലാണ് ഭര്‍ത്താവ് എന്നു പറഞ്ഞാണ് പോയത്. വഴി മാറി പോകുന്നതു കണ്ട് ചോദിച്ചപ്പോള്‍ ഒരാളെ കൂടി വിളിക്കാനുണ്ട് എന്നു പറഞ്ഞു. പിന്നീട് അല്പദൂരം ചെന്ന് കാര്‍ നിര്‍ത്തി. അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ വീട്ടില്‍ വച്ച് അവര്‍ നാലുപേരും തന്നെ ബലാല്‍സംഗം ചെയ്തു യുവതി പരാതിയില്‍ പറയുന്നു.
അതിനുശേഷം കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിയോടെ നിന്റെ ഭര്‍ത്താവ് എന്നോടു കാശു ചോദിക്കാന്‍ വളര്‍ന്നോ എന്നു ചോദിച്ചു. എല്ലാത്തിനെയും കാണിച്ചു തരാമെന്നു പറഞ്ഞ് അവര്‍ തന്നെ ഭീഷണിപ്പെടുത്തി കൂടെ നിന്ന് നഗ്നചിത്രം എടുത്തു. അതിനുശേഷം കാറില്‍ അത്താണി പാലത്തിനു താഴെ ഇറക്കിവിട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. നഗ്നചിത്രം പുറത്തുവിടുമെന്നു ഭീഷണിയുണ്ടായിരുന്നതിനാല് എല്ലാം സഹിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോള്‍ പല സമയങ്ങളിലും ജയന്തന് വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയതിട്ടുണ്ട്. പിന്നീട് തന്റെ മാറ്റം കണ്ട് ഭര്‍ത്താവ് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നിട്ടും തങ്ങള്‍ക്ക് പരാതി നല്കാന് ഭയമായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭയം മൂലമാണ് പരാതി നല്കാന് താമസിച്ചത്. അതിനിടെ മാനക്കേട് മറക്കാന്‍ താന്‍ കുവൈറ്റിലേക്ക് വീട്ടുവേലയ്ക്ക് പോയി. ഇതിനു പ്രതികാരമായി അവര്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും അകാരണമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ വിവരം വലിയ ചര്‍ച്ചയായി മാറിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ പത്രസമ്മേളനം നടത്തി കൗണ്‍സിലറുടെ പേരുള്‍പ്പെടെ യുവതിയും ഭര്‍ത്താവും വെളിപ്പെടുത്തുകയായിരുന്നു.
Post Your Comments