കണ്ണൂർ : കണ്ണൂർ കോട്ടയിലേക്ക് പോകുന്നവർക്ക് കന്റോൺമെന്റ് ബോർഡിന്റെ അന്യായ പിരിവിലൂടെ ഇരുട്ടടി. കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് ടോൾ പിരിവ് ഏർപ്പെടുത്തിയത്. കോട്ടയിലേക്കുള്ള വഴിയിൽ വിവിധ വാഹനങ്ങൾക്കുള്ള ചാർജ് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചു കൊണ്ട് രണ്ടുപേരെ നിയോഗിച്ചാണു പണം പിരിവ് നടത്തുന്നത്. വിനോദസഞ്ചാരത്തിനെത്തുന്ന ബസുകൾക്ക് 80 രൂപയും മിനി ബസിന് 50 രൂപയും കാറിന് 20 രൂപയും ഓട്ടോറിക്ഷയ്ക്കു 10 രൂപയും ടോളായി നൽകണമെന്നതാണ് പുതിയ നിർദേശം.
റോഡ് കന്റോൺമെന്റിന്റേതാണെങ്കിലും പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂർ കോട്ടയിലേക്കും സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് ഓഫിസുകളിലേക്കും സാധാരണക്കാർക്ക് എത്തിച്ചേരണമെങ്കിൽ ഈ റോഡാണ് ഏക ആശ്രയം. ആശുപത്രി ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോ ട്രിപ്പ് വിളിച്ചാൽ ചാർജ് 20 രൂപയാണ്. 10 രൂപ ടോളായി പിരിച്ചെടുക്കുന്ന തീരുമാനം വന്നതോടെ ഓട്ടോറിക്ഷാക്കാർക്ക് കിട്ടുന്ന നിരക്കിന്റെ പകുതിയും ടോളായി നൽകേണ്ടിവരും. ഫിഷറീസ് ഓഫിസുകളിലേക്കും കോട്ടയിലേക്കും ഓട്ടോറിക്ഷകൾ ഓട്ടം പോകാതായ തോടെ വിവിധ ആവശ്യങ്ങൾക്കും വിനോദത്തിനും എത്തുന്നവർ നടന്നുവലയുന്ന സ്ഥിതിയാണ്.
കൂടാതെ കണ്ണൂർ കോട്ടയിൽ എത്തുന്ന വാഹനങ്ങൾക്കു കോട്ടയ്ക്കു സമീപം പാർക്കിങ് നിരക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പമുള്ള പുതിയ ടോൾ പിരിവു വന്നതോടെ കോട്ടയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതല്‍ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നായ കോട്ടയിലേക്കു പ്രധാനമായും വാഹനങ്ങളിലാണ് ആളുകൾ എത്തുന്നത്. പുരാവസ്തു വകുപ്പിന്റെ ഓഫിസും കോട്ടയിൽ പ്രവർത്തിക്കുന്നുണ്ട്.അന്യായ പിരിവിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തേ ജില്ലാ ആശുപത്രിക്ക് സമീപം കോട്ടയിലേക്കുള്ള വഴിയിൽ ടോൾ പിരിക്കാൻ നടത്തിയ നീക്കം പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Post Your Comments