NewsInternational

വധശിക്ഷ വിധിക്കപ്പെട്ട് മരണം കാത്ത് കഴിഞ്ഞ മലയാളി യുവാക്കള്‍ക്ക് സൗദി രാജാവിന്റെ കാരുണ്യം

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ച രണ്ടു പ്രതികള്‍ക്കും മാപ്പു നല്‍കി നാടുകടത്താന്‍ ഭരണാധികാരി ഉത്തരവിട്ടു. സൗദി സീഫുഡ്‌സ് കമ്പനിയില്‍ ഡ്രൈവറായിരുന്ന പത്തനംതിട്ട മൈലപ്രം സെന്മോന്‍ ജോസഫ് 2009 ലാണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതി നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സജിത് സേതുമാധവന്‍, രണ്ടാം പ്രതി കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുല്‍ റസാഖ് എന്നിവരുടെ ദയാ ഹര്‍ജി പരിഗണിച്ചാണ് നാടു കടത്താന്‍ ഉത്തരവിട്ടത്. കൊല്ലപ്പെട്ട സെന്‍മോന്റെ കുടുംബം ദയ പ്രതികള്‍ക്ക് മാപ്പു നല്‍കിയതോടെ നേരത്തെ ഒന്നാം പ്രതിയുടെ വധശിക്ഷയും രണ്ടാം പ്രതിയുടെ 17 വര്‍ഷത്തെ തടവും റദ്ദാക്കി. എന്നാല്‍ ആസൂത്രിതമായി ക്രൂരമായ കൊലപാതകം നടത്തിയതിന് പ്രതികള്‍ക്കെതിരെ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു. പ്രതികള്‍ രാജ്യത്തു കഴിഞ്ഞിരുന്ന വിദേശ പൗരന്റെ സ്വത്ത് കവരുകയും ജീവന്‍ അപായപ്പെടുത്തിയതായും വിചാരണ കോടതി കണ്ടെത്തി. സെന്മോന്റെ കുടുംബം മാപ്പു നല്‍കിയെങ്കിലും ശരീഅത് നിയമ പ്രകാരം സ്‌റ്റേറ്റ് വാദിയായ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനായിരുന്നു വിധി. ഇതോടെ രണ്ടാമതും വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. മേല്‍ കോടതിയും സുപ്രീം കോടതിയും ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെ സെന്‍മോന്റെ കുടുംബം മാപ്പു നല്‍കിയത് പരിഗണിക്കണമെന്ന് പ്രതികള്‍ ദയാ ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചു. പ്രതികളുടെ പ്രായം, അവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുടെ പശ്ചാത്തലം ഇതെല്ലാം പരിഗണിച്ച് പ്രതികള്‍ നല്‍കിയ ദയാ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചു. ഇതോടെയാണ് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി നാടുകടത്താന്‍ ഉത്തരവിട്ടത്. എട്ടര വര്‍ഷമായി ഖമീസ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിന് ജിദ്ദ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. അടുത്ത ആഴ്ച ഇവര്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button