ദുബായ്/വാഷിംഗ്‌ടണ്‍● യു.എ.ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് യു.എ.ഇ ഉപരാഷ്ട്രപതിയും യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഈ ദീപങ്ങളുടെ പ്രകാശം ഏവര്‍ക്കും വഴികാട്ടട്ടെയെന്നും സന്തോഷം കൊണ്ടുവരട്ടെയെന്നും ഷെയ്ഖ് മൊഹമ്മദ് ട്വിറ്ററില്‍ ആശംസിച്ചു.
അതേസമയം, ചരിത്രത്തില്‍ ആദ്യമായി, യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫീസില്‍ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയില്‍ തന്റെ പിന്‍ഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. 2009ലെ ദീപാവലി ദിനത്തില്‍ മുംബൈയിലെ ഇന്ത്യക്കാര്‍ ആട്ടുംപാട്ടുമായി സ്വീകരിച്ചത് തനിക്കും ഭാര്യ മിഷേലിനും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.
നേരത്തെ, ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭയും ദീപാവലി ആഘോഷിച്ചിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി ഐക്യരാഷ്‌ട്രസഭാ ആസ്ഥാനം. ലൈറ്റുകൾ തെളിയിച്ചായിരുന്നു ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഐക്യരാഷ്‌ട്രസഭ ആഘോഷിച്ചത്. 2014 ഡിസംബറിലെ ജനറൽ അസംബ്ലി പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് യുഎന്നിൽ ദീപാവലി ആഘോഷം നടന്നത്. ഐക്യരാഷ്‌ട്രസഭയിലെ ഭൂരിഭാഗം രാജ്യങ്ങളും ദീപാവലി ആഘോഷിക്കുന്നില്ലെങ്കിലും, ഈ ദിനത്തിൽ യുഎന്നിലെ മീറ്റിങ്ങുകളെല്ലാം ഒഴിവാക്കി ദീപാവലി ദിനത്തെ പ്രത്യേകതയുള്ളതാക്കാൻ ഐക്യരാഷ്‌ട്രസഭ തീരുമാനിക്കുകയായിരുന്നു.
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ അംബാസിഡറായ സയിദ് അക്ബറുദ്ദീനാണ് യുഎൻ ആസ്ഥാനത്തെ ദീപാവലി ആഘോഷം ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് നിന്നും സെൽഫിയെടുക്കുന്ന സഞ്ചാരികളുടെ ചിത്രങ്ങളും അക്ബറുദ്ദീൻ പങ്കുവച്ചിരുന്നു.
Post Your Comments