കൊച്ചി: മുസ്ലിം യുവാക്കള്‍ എതിര്‍കക്ഷികളായി വരുന്ന ഹര്‍ജികളില്‍ സ്ഥിരമായി ഐ.എസ്. ബന്ധം ആരോപിക്കുന്ന അഭിഭാഷകനെ കോടതിയലക്ഷ്യത്തെത്തുടര്‍ന്നു ഹൈക്കോടതി മൂന്നുമാസം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അഭിഭാഷകന്റെ അപേക്ഷ പ്രകാരം ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.
ഹൈക്കോടതി അഭിഭാഷകനായ സി.കെ. മോഹനനെതിരേയാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തുടര്‍ച്ചയായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍ ഹാജരാകുന്ന ഇദ്ദേഹം ഐ.എസ്. ബന്ധമുള്ള യുവാവ്, പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും തട്ടിയെടുത്ത് സിറിയയിലേക്കും മറ്റും കടത്തിയെന്നു സ്ഥിരമായി ആരോപിക്കാറുണ്ട്.
എല്ലാ ഹര്‍ജികളിലും ഒരേ ആരോപണം തന്നെ ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹര്‍ജിയില്‍ ഹാജരാകവെ ഇതു ശരിയായ നടപടിയല്ലെന്നു കോടതി താക്കീതു നല്‍കി.
എന്നാല്‍, ഇതിന്റെ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോടു കയര്‍ത്തു സംസാരിച്ചു. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിയുടെ പേരിലാണ് അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്കു ഡിവിഷന്‍ ബെഞ്ച് മുതിര്‍ന്നത്. കഴിഞ്ഞമാസം 24നു കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ക്കു ഡിവിഷന്‍ ബെഞ്ച് തുടക്കം കുറിച്ചു. കോടതിയലക്ഷ്യ നടപടികളെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കാന്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച രണ്ടാം തവണയും കോട്ടും ഗൗണും അണിഞ്ഞാണ് അഭിഭാഷകന്‍ കോടതി മുറിയിലെത്തിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരാകുമ്പോള്‍ അഭിഭാഷക വേഷത്തില്‍ ഹാജരാകരുതെന്നും അതിനാല്‍ വീണ്ടും ഹാജരാകണമെന്നും നിര്‍ദേശം നല്‍കി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിക്കവേയാണ് കോട്ടും ഗൗണുമിട്ട് വീണ്ടും ഹാജരായ അഭിഭാഷകനെ മൂന്നു മാസത്തേക്കു ശിക്ഷിച്ചത്
Post Your Comments