IndiaNews

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: പോലീസ് ഭാഷ്യത്തില്‍ വൈരുദ്ധ്യം; വ്യാജ ഏറ്റുമുട്ടലെന്ന് സംശയം

ഭോപ്പാല്‍: അതീവസുരക്ഷാ ജയിലില്‍നിന്ന് എട്ടുപേര്‍ ഒരുമിച്ചു ജയില്‍ ചാടുകയും തുടര്‍ന്നു പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസ് വിശദീകരണങ്ങളില്‍ വൈരുധ്യം. സിമി പ്രവര്‍ത്തകര്‍ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു നേരെ നിറയൊഴിച്ചെന്നും ഭോപാല്‍ ഐജി യോഗേഷ് ചൗധരി പറഞ്ഞപ്പോള്‍, അവര്‍ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി സഞ്ജീവ് ശമി പറഞ്ഞത്. പൊലീസ് ഒരാള്‍ക്കു നേരെ തൊട്ടടുത്തുനിന്നു വെടിയുണ്ടകള്‍ പായിക്കുന്ന ദൃശ്യം ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി. ദൃശ്യത്തില്‍ ഒരാള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കത്തിയെന്നു തോന്നിക്കുന്ന വസ്തു പുറത്തെടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് നിറയൊഴിക്കുന്നത്. തടവുചാടിയ എട്ടുപേരും ഒരേപോലത്തെ വസ്ത്രങ്ങളും ഷൂസുമാണു ധരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികളായ ഗ്രാമീണര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു.
പോലീസിന്റെ വാദവും അതിനെ ദുര്‍ബലപ്പെടുത്തുന്ന മറുവാദങ്ങളും ദേശീയ മാധ്യമങ്ങളിലും സജീവമാണ്. സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിച്ച് ജയില്‍ ജീവനക്കാരെ ആക്രമിച്ച ശേഷം പ്രതികള്‍ രക്ഷപെട്ടുവെന്നാണ് പോലീസ് വാദം. എന്നാല്‍ ജയില്‍ചാടിയ പ്രതികള്‍ എന്തുകൊണ്ട് പെട്ടന്ന് പിടിക്കപ്പെടുന്ന വിധം ഒരുമിച്ച് തുടര്‍ന്നുവെന്നത് മറുവാദം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു.
ജയില്‍ ചാടിയ തീവ്രവാദികളെക്കുറിച്ച് പ്രദേശവാസികള്‍ വിവരം തന്നുവെന്നാണ് ഭോപ്പാല്‍ ഐ.ജി യോഗേഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമായി മാധ്യമദൃശ്യങ്ങളില്‍ കണ്ടത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലവും. പോലീസിന് ഈ പ്രദേശത്ത് ഇന്‍ഫോര്‍മര്‍മാര്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.

ജയില്‍ ഗാര്‍ഡായ രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ പ്രതികള്‍ രക്ഷപെട്ടുവെന്നാണ് പോലീസ് വാദം. എന്നാല്‍ രാത്രി വൈകിയും ദീപാവലി ആഘോഷം നടന്ന ദിവസം തന്നെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെന്നത് പോലീസ് വാദം ദുര്‍ബലപ്പെടുത്തുന്നു.
കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത് ജീന്‍സും സ്‌പോര്‍ട്‌സ് ഷുസും ധരിച്ച നിലയിലാണ്. ജയിലില്‍ ഇവര്‍ യൂണിഫോം ധരിച്ചിരുന്നില്ലേ. അതോ സിവില്‍ ഡ്രസ് ധരിക്കാന്‍ അനുവദിച്ചിരുന്നോ. ജയില്‍ വസ്ത്രങ്ങള്‍ മാറ്റിയതാണെങ്കില്‍ വസ്ത്രം മാറിയത് എവിടെ വച്ച്.
കൊല്ലപ്പെട്ട എട്ട് പേരും പോലീസിനെ നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് ഭാഷ്യം അങ്ങനെയെങ്കില്‍ ജയില്‍ നിന്നിറങ്ങിയ പ്രതികള്‍ക്ക് ആയുധം ലഭിച്ചത് എവിടെ നിന്ന്. ഇത്തരം നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button