NewsIndia

കോൺഗ്രസിനെതിരെ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി

ചണ്ഡിഗഢ്: സിഖ് വിഭാഗത്തോട് ഗാന്ധി കുടുംബം എന്നും എതിരായിരുന്നതായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനാലാണ് ഗാന്ധിക്കുടുംബം പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകള്‍ എന്നതരം വാര്‍ത്തകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

വീണ്ടും അധികാരത്തില്‍ ഭരണകക്ഷിയായ ബിജെപി – ശിരോമണി അകാലിദള്‍ സഖ്യം തന്നെ തിരിച്ചെത്തുമെന്ന് ബാദല്‍ പറഞ്ഞു. ആപ്പ് അല്ല കോണ്‍ഗ്രസ് തന്നെയാണ് തങ്ങളുടെ പ്രതിയോഗിയെന്നും ആം ആദ്മി പാര്‍ട്ടി 117ല്‍ പത്ത് സീറ്റുകള്‍ പോലും വിജയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 10 വര്‍ഷം സംസ്ഥാനം ഭരിച്ച തങ്ങളുടെ പേരില്‍ ഒരു അഴിമതി കുറ്റങ്ങളോ മറ്റോ ആരോപിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

അതേസമയം, ആപ്പിന്റെ അരവിന്ദ് കേജരിവാളും അവരുടെ ഡെപ്യൂട്ടി മുഖ്യമന്ത്രി എന്നിവരൊഴികെ എല്ലാ എംഎല്‍എമാരെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇതിനൊപ്പം ആപ്പ് ഗുരുഗ്രന്ഥ് സാഹിബിനെയും ഖുറാനെയും വിമര്‍ശിച്ച് ദൈവനിന്ദ നടത്തിയവരാണെന്നും ബാദല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ മയക്കുമരുന്ന് പ്രയോഗം സംസ്ഥാനത്തിനെതിരായ തെറ്റായ പ്രചരണമാണ്. ആരോ അദ്ദേഹത്തിന് നല്‍കിയ കുറിപ്പില്‍ കാണിച്ചിരുന്നത് ഏറ്റുപറയുക മാത്രമാണ് രാഹുല്‍ ചെയ്തത്. പഞ്ചാബിലെ 70% യുവാക്കളും മയക്കുമരുന്നിന് അടിമകളാണെന്നാണ് രാഹുല്‍ നടത്തിയ പരാമര്‍ശം. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകന്‍കൂടിയാണ് സിഖ്ബീര്‍ സിങ് ബാദല്‍. സിഖ് വിരുദ്ധ കലാപത്തിന്റെ മുപ്പത്തിരണ്ടാം വാര്‍ഷിക വേളയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാദല്‍ അഭിപ്രായം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button