NewsInternational

ഭീകരതയെ പിന്തുണയ്ക്കുന്നതിലൂടെ നാം ആഗോളതലത്തില്‍ ഒറ്റപ്പെടുന്നു: പാക് ആക്ടിവിസ്റ്റുകള്‍

ലണ്ടന്‍: വ്യാപകമായ രീതിയില്‍ പുതിയ അറിവുകളോട് പുറംതിരിഞ്ഞു നില്‍ക്കല്‍, ഭീകരതയ്ക്ക് നല്‍കുന്ന പിന്തുണ, മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കല്‍ എന്നിവയൊക്കെ കാരണം ആഗോളതലത്തില്‍ ഒറ്റപ്പെട്ടു പോകുന്നതിനുള്ള സാഹചര്യങ്ങളാണ് പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്നതെന്ന് പാകിസ്ഥാനിലെ ബുദ്ധിജീവികളും സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പാക് കോളമിസ്റ്റ് മൊഹമ്മദ്‌ തക്കിയും പാകിസ്ഥാന്‍റെ മുന്‍ യുഎസ് കോണ്‍വോയ് ഹുസൈന്‍ ഹഖാനിയും ചേര്‍ന്ന് ആതിഥേയത്വം വഹിച്ച സാത്ത് (സൗത്ത് ഏഷ്യന്‍സ് എഗെന്‍സ്റ്റ് ടെററിസം ആന്‍ഡ്‌ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്) എന്ന കൂട്ടായ്മയുടെ വേദിയില്‍ വച്ച് നടന്ന “പാകിസ്ഥാന്‍റെ ഭാവി” എന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കവെയാണ് ഇവര്‍ ഈ പ്രഖ്യാപനം നടത്തിയത്.

സ്വതന്ത്രചിന്താഗതിയുള്ളവര്‍ക്ക് പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന വധഭീഷണി അടക്കമുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഇത്തരമൊരു കോണ്‍ഫ്രന്‍സ് പാകിസ്ഥാന് വെളിയില്‍ നടത്താന്‍ സംഘാടകരെ പ്രേരിപ്പിച്ചത്. പാകിസ്ഥാന്‍റെ നിലവിലെ സഞ്ചാരപഥം, രാഷ്ട്രത്തിന്‍റേയും സമൂഹത്തിന്‍റേയും സൈനികവത്കരണം, ബഹുസ്വരതയ്ക്കും സ്വതന്ത്ര ആശയങ്ങള്‍ക്കും നിലനില്‍പ്പില്ലാത്ത അവസ്ഥ, ജനാധിപത്യത്തിനു നേരേയുള്ള തുടര്‍ച്ചയായ ഭീഷണികള്‍, എന്‍ജിഒകള്‍ക്കും വ്യക്തികള്‍ക്കും നേരേ ഉയരുന്ന ഭീഷണികള്‍, മനുഷ്യാവകാശങ്ങളും സാമൂഹികനീതിയും സംരക്ഷിക്കാന്‍ പറ്റിയരീതിയില്‍ നിലപാടുകള്‍ എടുക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കഴിവില്ലായ്മ എന്നിവയില്‍ കോണ്‍ഫ്രന്‍സ് കടുത്ത ആശങ്ക രേഖപ്പെടുത്തി.

ഈ ആശങ്കകള്‍ പങ്കുവയ്ക്കുന്ന “പാകിസ്ഥാനി ബഹുസ്വരതയ്ക്ക് വേണ്ടിയുള്ള ലണ്ടന്‍ പ്രഖ്യാപനത്തില്‍” കോണ്‍ഫ്രാന്‍സില്‍ പങ്കെടുത്ത പ്രമുഖര്‍ ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന സൂചികയില്‍ പാകിസ്ഥാന് 188-ല്‍ 147 എന്ന പരിതാപകരമായ സ്ഥാനമാണുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്‍റെ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടിലാകട്ടെ പാകിസ്ഥാന്‍റെ സ്ഥാനം 144-ല്‍ 143 ആണ്.

യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ നല്ല രീതിയില്‍ ചിന്തിക്കുന്ന പാകിസ്ഥാനികളെ അകറ്റി നിര്‍ത്തി ഭീകരരുടെ കൂടെകൂടുന്ന പാക് ഭരണ-സൈനിക നേതൃത്വങ്ങളുടെ നിലപാടിനെ കോണ്‍ഫ്രന്‍സ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

shortlink

Post Your Comments


Back to top button