മതഭ്രാന്ത് മൂത്ത് എന്തും വിളിച്ചുപറയുന്നവരോട് പ്രവാസിയായ മുസ്ലിം യുവാവ് നടത്തുന്ന അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജാതിയുടേയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകളും പോര്‍വിളികളും വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് ഏവരും കണ്ടിരിക്കേണ്ടതാണ് ഈ സഹോദരന്‍ വാട്സ്ആപ്പ് വീഡിയോയിലൂടെ നടത്തുന്ന അഭ്യര്‍ത്ഥന.
വാട്സ്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഒരു വീഡിയോയില്‍ കേരളത്തില്‍ അറിയപ്പെടുന്ന മതപ്രഭാഷകനായ ഷിംസാറുള്‍ ഹഖ് എന്നയാള്‍ നടത്തിയ ഒരു പരമാര്‍ശമാണ് യുവാവിന്റെ പ്രതികരണത്തിന് അടിസ്ഥാനം. വീഡിയോയില്‍ ഷിംസാറുള്‍ ഹഖിനോട് പല സംശയങ്ങളും ചോദിക്കുന്നുണ്ട്. അതില്‍ ഹിന്ദു സഹോദരന്മാര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാമോ എന്ന ഒരാളുടെ ചോദ്യത്തിന് ഹഖ് നല്‍കിയ മറുപടിയാണ് തന്നെ ഏറെ വേദനപ്പിച്ചതെന്ന് യുവാവ് പറയുന്നു. നിന്നോട് ഇത്രയും കാലം ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും കഴിയുകയും ചെയ്ത അവനെ എന്ത് കൊണ്ട് ഇത്രയും കാലമായിട്ടും ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല എന്നായിരുന്നു ഹഖിന്റെ ചോദ്യം. ഇതുപോലെ ഹിന്ദു സഹോദരന്മാരും ചിന്തിച്ചാല്‍ എന്താകും അവസ്ഥയെന്ന് ചോദിക്കുന്ന യുവാവ് ഇവിടെ ശശികലമാരേയും ഗോപാലകൃഷ്ണന്മാരെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം മതപണ്ഡിതര്‍ക്ക് പങ്കുണ്ടെന്നും പറയുന്നു.
വര്‍ഷങ്ങളായി ഗള്‍ഫില്‍ ഒരു മുറിയില്‍ ജാതിയോ മതമോ അറിയാതെ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിയുന്ന തങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കനേ ഇത്തരം പരമാര്‍ശങ്ങള്‍ ഉപകരിക്കൂ. സൗദിയിലെ വസ്ത്രധാരണ രീതികള്‍ പകര്‍ത്തുന്ന കേരളത്തിലെ മത പണ്ഡിതരുടെ രീതിയേയും യുവാവ് പരിഹസിക്കുന്നുണ്ട്. കെയ്റോവില്‍ വരെ പോയി ഉന്നത മത വിദ്യാഭ്യാസം നേടിയ പാണക്കാട് ശിഹാബ് തങ്ങള്‍ പോലും മറ്റു മതങ്ങളില്‍ ഉള്ളവരെ വേദനിപ്പിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ല. ഇപ്പോഴത്തെ മതപണ്ഡിതര്‍ പ്രഭാഷണം നടത്തിയ വേദിയില്‍ മറ്റുള്ളവരെ കൊണ്ട് വന്നു തര്‍ജ്ജമ ചെയ്യേണ്ട അവസ്ഥയാണ്.
ക്രിസ്ത്യാനിയേയും ഹിന്ദുവിനേയും ഇസ്ലാമിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമിനെ അവരിലേക്ക് ചേര്‍ക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് മനസിലാക്കണമെന്നും മതപ്രഭാഷകരെ യുവാവ് ഓര്‍മ്മപ്പെടുത്തുന്നു. മുസ്ലിമെന്ന പേരില്‍ ജീവിക്കുന്ന 90 ശതമാനവും മുസ്ലിം രീതികള്‍ അനുസരിച്ച് ജീവിക്കാത്തവരാണ് അവരെയാണ് നിങ്ങള്‍ പഠിപ്പിക്കേണ്ടതെന്നും പറഞ്ഞാണ് യുവാവ് തന്റെ അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്.
Post Your Comments