Kerala

മതപരിഷ്‌കരണ വാദികള്‍ തീവ്രവാദത്തിന് വഴി തെളിക്കുന്നു -കേരള മുസ്‌ലിം ജമാഅത്ത്

മുസ്‌ലിം ഭീതിക്ക് പിന്നില്‍ സയണിസ്റ്റ് ലോബി

തിരുവനന്തപുരം● തീവ്രവാദം, മതപരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാനവരക്ഷാ ക്യാമ്പയിന്‍ സമാപിച്ചു. സമാപന സംഗമം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

അന്തരാഷ്ട്ര തലത്തിലെ മുസ്‌ലിം ഭീതിക്ക് പിന്നില്‍ സയണിസ്റ്റ് ലോബിയാണെന്നും മുസ്‌ലിംകളില്‍ തന്നെയുള്ള ഒരു വിഭാഗം ഇതിന് അരങ്ങൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ജീവിതത്തിലെ നന്മകളെയും സൂഫി ചിന്തകളെയും തിരസ്‌കരിക്കുന്ന മതപരിഷ്‌കരണ വാദികള്‍ തീവ്രവാദത്തിന് വഴി തെളിക്കുകയാണെന്ന് പ്രമേയ പ്രഭാഷണം നടത്തിയ എസ് വൈ എസ് ഉപാധ്യക്ഷന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു.

നവോത്ഥാനം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പലരും ഇന്ന് തീവ്രവാദ സംശയത്തിന്റെ നിഴലിലാണ്. ഭീതിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയുമല്ല മതം പ്രചരിപ്പിക്കേണ്ടത്. യഥാര്‍ത്ഥ വിശ്വാസിക്ക് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രൊഫ. കെ എം എ റഹീം, ഇ വി അബ്ദുര്‍റഹ്മാന്‍, ജില്ലാജനറല്‍സെക്രട്ടറി കെ എം ഹാഷിം ഹാജി, എ എ സലാം മുസ്‌ലിയാര്‍, എം അബുല്‍ഹസന്‍, സിയാദ് കളിയിക്കാവിള, ശറഫുദ്ദീന്‍ പോത്തന്‍കോട് പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button