Gulf

നവയുഗവും സൗദി ഉദ്യോഗസ്ഥരും സഹായിച്ചു; പീഡനപർവ്വം പിന്നിട്ട് ആശാജ്യോതി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● ജോലി ചെയ്തിരുന്ന വീട്ടിലെ പീഡനം സഹിയ്ക്കാനാകാതെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട തെലുങ്കാനാകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെയും, വനിതാ അഭയകേന്ദ്രം മേലധികാരികളുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ ആശാ ജ്യോതി അഞ്ചു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്. പാവപ്പെട്ട കുടുംബത്തിലുള്ള അവർ വളരെ പ്രതീക്ഷയോടെയാണ് ജോലിയ്‌ക്കെത്തിയത്. എന്നാൽ ആ വീട്ടിലെ, ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ, വളരെ കഠിനമായ ജോലി ചെയ്യേണ്ടി വന്നു. വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ശമ്പളമൊന്നും കൊടുത്തില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ ശകാരവും, ദേഹോപദ്രവവും ഏൽപ്പിയ്ക്കാൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഒരു ദിവസം ആ വീട്ടിൽ നിന്നും പുറത്തു ചാടിയ ആശാജ്യോതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ടു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

വനിതാ അഭയകേന്ദ്രം അധികൃതർ അറിയിച്ചതനുസരിച്ച്‌, അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടൻ, ആശാ ജ്യോതിയുമായി സംസാരിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കി. തുടർന്ന് അഭയകേന്ദ്രം അധികാരികൾ ആശാ ജ്യോതിയുടെ സ്‌പോൺസറെ വിളിച്ചു വരുത്തി. മഞ്ജു, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവരോടൊപ്പം സ്പോൺസറുമായി സംസാരിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരുടെയും വനിതാ അഭയകേന്ദ്രം അധികൃതരുടെയും സമ്മർദ്ദത്തിന് വഴങ്ങി, ആശജ്യോതിയ്ക്ക് രണ്ടു മാസത്തെ ശമ്പളവും, പാസ്‌പോർട്ടും, എക്സിറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു.

നിയമനടപടികൾ പൂർത്തിയായപ്പോൾ, വനിതാ അഭയകേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയ മുൻമന്ത്രിയും കേരളപ്രവാസി ഫെഡറേഷൻ സംസ്ഥാനജനറൽ സെക്രട്ടറിയുമായ കെ.ഇ. ഇസ്മായിൽ, ആശജ്യോതിയ്ക്ക് ടിക്കറ്റും, യാത്രാരേഖകളും കൈമാറി. ഒന്നരമാസത്തെ വനിത അഭയകേന്ദ്രത്തിലെ ജീവിതം അവസാനിപ്പിച്ച് ആശജ്യോതി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button