KeralaNews

പൂവന്തുരുത്ത് സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി : വന്‍ തീപിടിത്തം : മൂന്ന് ജില്ലകളില്‍ വൈദ്യുതി മുടങ്ങും

കോട്ടയം : പൂവന്തുരുത്ത് 220 കെവി സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമര്‍ രാത്രിയില്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. കോട്ടയം ജില്ലയിലെ മുക്കാല്‍ ശതമാനം പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളും ഇരുട്ടിലായി. വൈദ്യുതി ഇന്നും മുടങ്ങിയേക്കുമെന്നാണ് സൂചന. കോട്ടയം നഗരത്തിലും ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
200 എംവിഐ ട്രാന്‍സ്‌ഫോമര്‍ രാത്രി ഒമ്പതരയ്ക്ക് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാരണം വ്യക്തമല്ല. പ്രാഥമികനഷ്ടം മൂന്നുകോടിയോളമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. മൂലമറ്റം പവര്‍ ഹൗസില്‍നിന്ന് പൂവന്തുരുത്ത് സബ്‌സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചാണ് വിതരണം നടത്തുന്നത്.

മെഡിക്കല്‍കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലേക്ക് വൈക്കം സബ് സ്റ്റേഷനില്‍നിന്നു വൈദ്യുതി എത്തിച്ചാണ് വൈദ്യുതി ബന്ധം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്. പൂവന്തുരുത്തില്‍ 220 കെവിയുടെ രണ്ടു കണ്‍ട്രോള്‍ റൂമുകളും 11 കെവിയുടെ ഒരു കണ്‍ട്രോള്‍ റൂമുമാണ് പ്രവര്‍ത്തിക്കുന്നത്.

കോട്ടയം ജില്ലയില്‍ പൂര്‍ണമായും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഭാഗികമായും ഈ സബ്‌സ്റ്റേഷനില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. രാത്രിയില്‍ മൂന്നു കണ്‍ട്രോള്‍ റൂമുകളിലുമായി ആറ് ജീവനക്കാരാണുള്ളത്. കോട്ടയത്തുനിന്നു രണ്ടു യൂണിറ്റ് അഗ്‌നിശമന സേന എത്തി പതിനൊന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

shortlink

Post Your Comments


Back to top button