ബെയ്ജിങ് : ലോകത്ത് ഒരു രാഷ്ട്രങ്ങളും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ ചൈന ചെയ്ത്‌കൊണ്ടിരിയ്ക്കുന്നത്. ആണവ അന്തര്‍വാഹിനി പരിചയപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയാണ് ചൈന ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഒരു രാജ്യവും ആണവായുധങ്ങളുള്ള ബാലസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കുന്ന അന്തര്‍വാഹിനികളെ ഇതുവരെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ആയുധങ്ങളും കപ്പലുകളും അന്തര്‍വാഹിനികളും പരിചയപ്പെടുത്തി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണു ശ്രമിക്കുന്നത് എന്നാണു വിലയിരുത്തല്‍.
അതേസമയം, തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതു രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നു. കപ്പലിന്റെ ചില ഭാഗങ്ങള്‍ എത്തിയെന്നും ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ പകുതിയോടെയാണു ചൈനയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനി ചൈനീസ് നാവികസേനയുടെ മ്യൂസിയത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തീരനഗരമായ ഷഹാന്‍ഡോഗ് പ്രവശ്യയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷത്തിലധികം സേവനം നടത്തിയ അന്തര്‍വാഹിനിയാണ് ഇത്. വൈകാതെ അന്തര്‍വാഹിനി ജനങ്ങള്‍ക്കു കാണാനും പരിചയപ്പെടാനും അവസരം ലഭിക്കും. അന്തര്‍വാഹിനിയിലെ ആണവഭാഗങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാകും നടപടിയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post Your Comments