ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്ബോള്‍ കളിക്കളങ്ങള്‍ അടക്കിവാഴുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഫുട്ബോളിലെ ഈ രണ്ടു മായാജാലക്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകവൃന്ദത്തെ രണ്ടായി വിഭജിച്ചുകൊണ്ട്, കളിക്കാനിറങ്ങുന്ന സമയത്തെല്ലാം പുതിയ റെക്കോഡുകള്‍ തീരത്ത് മുന്നേറുകയാണ്. ഇവരില്‍ ആരാണുകേമന്‍ എന്ന തര്‍ക്കം കാലങ്ങള്‍ പലതു കഴിഞ്ഞാലും തുടരാനിടയുള്ള ഒരു തര്‍ക്കവിഷയം തന്നെയാണ്. അത്രയ്ക്കുണ്ട് ഇവരുടെ കളിമികവ്.
ഇതൊക്കെകൊണ്ടു തന്നെ കളിക്കളത്തില്‍ പുറത്തെടുക്കുന്ന ശത്രുത ഇരുവരും തമ്മില്‍ കളിക്കളത്തിനു പുറത്തുള്ള ലോകത്തും ഉണ്ടെന്നാണ് മാദ്ധ്യമങ്ങളും ഒരു പറ്റം ആരാധകരും ഒക്കെ പ്രചരിപ്പിക്കുന്നത്. പക്ഷേ, കോച്ച് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ ഈ പ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്.
കളിക്കളത്തിനു വെളിയില്‍ നല്ല സുഹൃത്തുക്കളാകാനൊന്നും തങ്ങള്‍ക്ക് കഴിയില്ല എന്നറിയാമെങ്കില്‍, താനും മെസിയും തമ്മില്‍ വലിയൊരു പരസ്പരബഹുമാനം ഉണ്ടെന്നാണ് റൊണാള്‍ഡോ പറയുന്നത്.
“ഞാനും മെസിയും തമ്മില്‍ വലിയൊരു പരസ്പര ബഹുമാനം ഉണ്ട്. ഞങ്ങള്‍ തമ്മില്‍ വലിയൊരു ശത്രുത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്, പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ശത്രുതയൊന്നും ഇല്ല. ഞങ്ങള്‍ ഉറ്റസുഹൃത്തക്കളൊന്നും അല്ല. പക്ഷേ പരസ്പരബഹുമാനം ഞങ്ങള്‍ തമ്മിലുണ്ട്,” റൊണാള്‍ഡോ പറഞ്ഞു.
Post Your Comments