KeralaNews

താടി പ്രവാചകന്റെ തിരുസുന്നത്താണെന്ന് കുഞ്ഞാലിക്കുട്ടി : നിയമസഭയില്‍ താടിയെച്ചൊല്ലി തര്‍ക്കം

തിരുവനന്തപുരം : നിയമസഭയിലും താടി വളര്‍ത്തലില്‍ ചേരി തിരിഞ്ഞ് ചര്‍ച്ച. പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മുസ്ലിം ലീഗ് എംഎല്‍എമാരും മന്ത്രി കെ.ടി ജലീലും മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയും അടക്കമുളളവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് എംഎല്‍എ ടി.വി ഇബ്രാഹിമാണ് പൊലീസിലെ മുസ്ലിംങ്ങള്‍ക്ക് താടിവെക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. അതെസമയം താടി വളര്‍ത്തുന്നതിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് മറുപടിയായി മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി.
താടി വളര്‍ത്തുന്നത് ഒരു മതാവകാശം എന്ന നിലയിലാണ് ഇബ്രാഹിം അവതരിപ്പിച്ചത്. നിര്‍ദേശം മുന്നോട്ട് വെച്ച അദ്ദേഹം തന്നെ താടിവെച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ലെന്നതിന്റെ തെളിവാണ്. നിയമസഭയിലെ ലീഗിന്റെ ഒരംഗം പോലും താടിവെച്ചിട്ടില്ല. അതിന് മതവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെയാണ് സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നത്. ഇങ്ങനെയുളള കാലത്ത് ഇത്തരത്തിലുളള നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി ജലീല്‍ നിയമസഭയില്‍ വിശദീകരിച്ചു.
ഇതോടെ മുസ്ലിം ലീഗ് അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു.

മന്ത്രി.കെ.ടി ജലീല്‍ നടത്തിയത് ആവശ്യമില്ലാത്ത പരാമര്‍ശമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നാട്ടിലുണ്ട്. അത് വെക്കുകയോ വെക്കാതിരിക്കുകയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പ്രവാചകന്റെ തിരുസുന്നത്താണത്. പ്രവാചകചര്യ എന്ന നിലയിലാണ് ആ വിശ്വാസം. ഇത് ഞങ്ങള്‍ കേട്ടിട്ട് മിണ്ടാതിരുന്നു എന്ന് നാളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് വല്ലാതെ മോശമാകും. അതുകൊണ്ടാണ് ഇടപെടുന്നത്. താടികള്‍ പലരൂപത്തില്‍ വെക്കുന്നവരുണ്ട്. ലെനിന്റെ താടി വെക്കുന്നവരുണ്ട്. ഫാഷനുവേണ്ടി താടി വെക്കുന്നുവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. താടി വെക്കാത്തവരുമുണ്ട്. സ്പീക്കറും താടി വെക്കുന്നുണ്ട്. ആ സുന്നത്ത് തനിക്ക് കിട്ടുമോ എന്നായി അപ്പോള്‍ സ്പീക്കറുടെ ചോദ്യം. തുടര്‍ന്ന് താടി ചര്‍ച്ചയാക്കേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ മന്ത്രി കെ.ടി ജലീല്‍ വീണ്ടും വിശദീകരണവുമായി എഴുന്നേറ്റു.

താന്‍ പറഞ്ഞത് താടി ഒരു നിര്‍ബന്ധമുള്ള കാര്യമല്ല എന്നാണ്. നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട് ലീഗിന്റെ 18 എംഎല്‍എമാരും താടി വെക്കുന്നില്ല. പൊലീസില്‍ താടി വളര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്നായി ജലീല്‍. സി.എച്ചും അവുക്കാദര്‍ കുട്ടിനഹയും താടി വെച്ചവരായിരുന്നില്ലെന്നും ജലീല്‍ ഓര്‍മിപ്പിച്ചു. അതെസമയം ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കാന്‍ ഇടത് എംഎല്‍എയായ മുഹമ്മദ് മുഹ്‌സിന്‍ എഴുന്നേറ്റപ്പോള്‍ മുഹ്‌സിന്റെ താടി കൊള്ളാമെന്നും താടിയെക്കുറിച്ച് ഇനിയാരും സംസാരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ ചര്‍ച്ച അവസാനിപ്പിച്ചു.

shortlink

Post Your Comments


Back to top button