NewsIndia

അഖിലേഷ് യാദവ് പുറത്തേയ്ക്ക്

ന്യൂഡല്‍ഹി ; അച്ഛന്‍-മകന്‍ തര്‍ക്കത്തില്‍ ഉഴലുന്ന ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി പ്രത്യക്ഷമായ പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുലായം സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം ഉണ്ടാകും. അതേസമയം അഖിലേഷ് യാദവ് രാജിവച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഖിലേഷ് രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന.

പാര്‍ട്ടിയിലെ ഭിന്നത കൂടുതല്‍ വെളിവാക്കി ശിവപാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്ന് ഇന്നലെ അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. മുലായത്തെ അനുകൂലിക്കുന്ന നാലു മന്ത്രിമാരെയാണ് പുറത്താക്കിയിരുന്നത്. മുലായം സിംഗ് യാദവിന്റെ സഹോദരനാണ് പുറത്താക്കപ്പെട്ട ശിവപാല്‍ യാദവ്. ഓം പ്രകാശ് സിംഗ്, നാരദ് റായ്, ശതബ് ഫാത്തിമ എന്നിവരെയും പുറത്താക്കി. നേരത്തെ ശിവപാല്‍ യാദവിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പാര്‍ട്ടിയിലെ അഭിപ്രായഭിന്നത രൂക്ഷമാക്കി കഴിഞ്ഞ ദിവസം അഖിലേഷിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് മുലായം സിംഗിനു ഒരു കത്ത് കൈമാറിയിരുന്നു. പാര്‍ട്ടി നേതാവും എംഎല്‍എയുമായ ഉദയ് വീര്‍ സിംഗ് ആണ് മുലായത്തിന് കത്തയച്ചിരുന്നത്. ഇതിനു മുലായം പകരം വീട്ടിയത് ഉദയ് വീര്‍ സിംഗിനെ അച്ചടക്കലംഘനം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടായിരുന്നു. കത്തില്‍ മുലായം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഉദയ് വീറിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇതിനു തൊട്ടുപിന്നാലെയാണ് മുലായത്തിന്റെ അനുയായികളെ അഖിലേഷ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. ഇത് മുലായത്തോടുള്ള അഖിലേഷിന്റെ പ്രതികാരനടപടി ആയി തന്നെ ഇതിനെ കാണേണ്ടി വരും. നാലു പേജ് വരുന്ന കത്തില്‍ എസ്പിയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റും മുലായത്തിന്റെ ബന്ധുവുമായ ശിവപാല്‍ യാദവും മറ്റ് കുടുംബാഗങ്ങളും താങ്കളെ വഴിതെറ്റിക്കുകയാണെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ഉദയ് വീറിന്റെ കത്തില്‍ ആരോപിക്കുന്നുണ്ട്. അഖിലേഷിനെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാക്കാതിരിക്കാനാണ് ബന്ധുക്കള്‍ ശ്രമിക്കുന്നത്. അഖിലേഷിന് എല്ലാ അധികാരങ്ങളും നല്‍കാന്‍ തയാറാകണമെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണമെന്നും ഉദയ് വീര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button