മുംബൈ: പാക് താരങ്ങൾ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ നിർദേശം സൈനിക നേതൃത്വം തള്ളി. സൈന്യത്തിന് വേണ്ടി ആരും സംഭാവന പിരിക്കേണ്ടെന്നും ഇതില്‍ താക്കറെയുടെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കേണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഇന്ത്യന്‍ സൈന്യം സംഭാവനയ്ക്ക് യാചിച്ച് നടക്കുകയല്ല. ഒരു സിനിമ നിര്‍മ്മാതാവ് സൈന്യത്തിന് സംഭാവന നൽകുന്നതിൽ തെറ്റില്ല. എന്നാല്‍ ഇത്തരത്തിലല്ല സംഭാവന വാങ്ങേണ്ടതെന്നും രാജ് താക്കറെയുടെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. സംഭാവന നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള സംഭാവന സൈന്യം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും താക്കറെയുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാകാന്‍ പട്ടാളക്കാരെ കിട്ടില്ലെന്നും ജസ്വാല്‍ കൂട്ടിച്ചേര്‍ത്തു.
താക്കറെയും പാര്‍ട്ടിയും ദേശീയ വികാരങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ കുശാല്‍ താക്കൂര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും താക്കൂര്‍ പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ രാഷ്ട്രീയത്തില്‍ ഭാഗമാകാനില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും വിവിധ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരെ അഭിനയിപ്പിക്കുന്ന എല്ലാ നിര്‍മ്മാതാക്കളും ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് 5 കോടി രൂപ നിര്‍ബന്ധമായും നല്‍കണമെന്നാണ് രാജ് താക്കറെ ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികളെല്ലാം പാകിസ്താന്‍ നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ എന്തിനാണ് അവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് എന്നും രാജ് താക്കറെ ചോദിച്ചു.
പാകിസ്താനി കലാകാരന്‍മാര്‍ക്കതിരെ എംഎന്‍എസ് എല്ലായ്‌പ്പോഴും പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രകാലമായിട്ടും ബോളിവുഡിന് അത് മനസിലായിട്ടില്ല. ഇപ്പോള്‍ അവരത് തിരിച്ചറിഞ്ഞിട്ടുണ്ട് . തങ്ങളുടെ പ്രതിഷേധം വിജയിച്ചു എന്നും താക്കറെ അവകാശപ്പെട്ടു.
Post Your Comments