India

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെയോര്‍ത്ത് അഭിമാനിക്കുന്നു’; വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗിന്റെ അമ്മയുടെ വാക്കുകള്‍

ശ്രീനഗര്‍ : രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗിന്റെ അമ്മ. ഞാന്‍ മരിച്ചാല്‍ അമ്മ കരയരുതെന്ന് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, ദു:ഖമുണ്ടെങ്കിലും ഞാന്‍ കരയില്ലെന്നും ഈ അമ്മ പറയുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ പരുക്കേറ്റ ഗുര്‍നാം സിംഗ് ഇന്നലെ രാത്രി 12 മണിയോടെയാണ് വീരമൃത്യു വരിച്ചത്.

ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് 26-കാരനായ ബിഎസ്എഫ് ജവാന്‍ അവസാന ശ്വാസം വലിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹമെന്നാണ് അശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. പാകിസ്താന്റെ സ്നൈപ്പര്‍ ആക്രമണത്തിലാണ് ഗുര്‍നാമിന് പരിക്കേറ്റത്. കഠുവ സെക്ടറില്‍ വച്ചായിരുന്നു ഇത്. ഇവിടെനിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ജമ്മുവിലാണ് ഗുര്‍നാമിനെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ബിഎസ്എഫിന് സ്വന്തമായി ആശുപത്രിയും ഡോക്ടര്‍മാരും ഉണ്ടായിരുന്നെങ്കില്‍ തന്റെ മകന്‍ രക്ഷപ്പെട്ടേനെ എന്നാണ് ഗുര്‍നാം സിംഗിന്റെ അച്ഛനായ കുല്‍ബീര്‍ സിംഗ് പ്രതികരിച്ചത്. ബക്ഷി നഗറിലുള്ള ആശുപത്രിയിലാണ് പരിക്കേറ്റ തന്റെ മകനെ എത്തിച്ചത്. നമ്മുടെ സൈനികര്‍ക്ക് മികച്ച ആശുപത്രിയും ചികിത്സാ സംവിധാനവും ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ റേഞ്ചേഴ്സ് ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ വെടിവെപ്പ് ആരംഭിച്ചത്. പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരേയും ഒരു ഭീകരനെയും ബിഎസ്എഫ് വധിച്ചിരുന്നു. കഴിഞ്ഞ മാസം നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button