India

രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം : രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ്ബിഐ -എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. എടിഎം കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.

രാജ്യത്താകെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ഇതുവരെ ബ്ലോക്ക് ചെയ്തുവെന്നാണ് വിവരം. ചില ഇടപാടുകാരുടെ പണം അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും പിന്‍വലിച്ചതായും ഇതിനിടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എടിഎം കാര്‍ഡുകളും, എടിഎം മെഷീനുകളും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വ്വീസ് കമ്പനിയില്‍ നിന്നാണ് കാര്‍ഡുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നാഷണല്‍ പേയ്‌മെന്റ കോര്‍പ്പറേഷന്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് പിന്‍കോഡ് മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചു. മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കരുതെന്നും, കാര്‍ഡ് വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും ബാങ്കുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ എടിഎം ബ്ലോക്കായാല്‍ എസ്എംഎസായോ ഇ-മെയിലായോ ബാങ്കുകള്‍ ഉപഭോക്താക്കളെ വിവരം അറിയിക്കാറുണ്ട് എന്നാല്‍ ഇപ്പോള്‍ പണം പിന്‍വലിക്കാനായി എടിഎമ്മിലെത്തുമ്പോള്‍ മാത്രമാണ് കാര്‍ഡ് ബ്ലോക്കായ വിവരം ആളുകള്‍ അറിയുന്നത്.

വൈറസോ മാല്‍വെയറോ വഴി ഹിറ്റാച്ചിയുടെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഒരു മാസം മുന്‍പാണ് ഹിറ്റാച്ചി നെറ്റ് വര്‍ക്കില്‍ വൈറസ്/മാല്‍വെയര്‍ ആക്രമണം ഉണ്ടായതെന്നും, വളരെ ചെറിയതുക മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടമായതെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 26ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക്ക് ചെയ്യപ്പെതായാണ് വിവരം.എസ്ബിഐ, എസ്ബിഐ അസോസിയേറ്റഡ് ബാങ്കുകള്‍, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, യേസ്ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകളാണ് സുരക്ഷാ പാളിച്ചയെ തുടര്‍ന്ന് തങ്ങളുടെ എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button