സിഡ്നി: ജെര്‍മ്മനിയിലും ആസ്ട്രേലിയയിലുമുള്ള രണ്ട് വലിയ, പൂര്‍ണ്ണമായും സ്റ്റിയറബിള്‍ ആയിട്ടുള്ള റേഡിയോ ടെലിസ്കോപ്പുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞന്‍മാര്‍ ആകാശഗംഗയുടെ വിശദമായ ഒരു മാപ്പ് തയാറാക്കിയതായി റിപ്പോര്‍ട്ട്.
ചരിത്രത്തിലാദ്യമായി, ആകാശഗംഗയിലെ നക്ഷത്രങ്ങളുടെ ഇടയിലുള്ള രൂപഘടനകളുടെ സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ ഈ പഠനം നല്‍കുന്നതായി ആസ്ട്രേലിയയിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി റിസര്‍ച്ചിലെ പ്രൊഫസറായ ലിസ്റ്റര്‍ സ്റ്റാവെലി-സ്മിത്ത് അറിയിച്ചു.
അന്തരീക്ഷത്തില്‍ ഏറ്റവും അധികം അളവില്‍ കാണപ്പെടുന്ന മൂലകവും, നക്ഷത്രങ്ങളുടേയും ക്ഷീരപഥങ്ങളുടേയും മുഖ്യഘടകവുമായ ന്യൂട്രല്‍ അറ്റോമിക് ഹൈഡ്രജനെയാണ് ഈ പഠനത്തില്‍ പ്രധാനമായും നിരീക്ഷണവിധേയമാക്കിയത്. ആകാശവീഥിയിലുള്ള മുഴുവന്‍ ന്യൂട്രല്‍ അറ്റോമിക് ഹൈഡ്രജനേയും നിരീക്ഷിച്ച ഈ സര്‍വേയുടെ പേര് HI4PI എന്നായിരുന്നു.
ഈ പദ്ധതിയുടെ പൂര്‍ണ്ണതയ്ക്ക് ഒരു മില്ല്യണിലധികം വ്യക്തിഗത നിരീക്ഷണങ്ങളും, 10-മില്ല്യണിലധികം വ്യക്തിഗത ഡാറ്റാ പോയിന്‍റുകളും വേണ്ടിവന്നു. മനുഷ്യനിര്‍മ്മിത മൊബൈല്‍ഫോണുകളില്‍ നിന്നും, ബ്രോഡ്കാസ്റ്റ് സ്റ്റേഷനുകളില്‍ നിന്നുമുള്ള സിഗ്നലുകള്‍ നക്ഷത്രങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നേരിയ വികിരണങ്ങളെപ്പോലും മലിനമാക്കും എന്നതിനാല്‍ അതിസങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെ സഹായത്തോടെ ഓരോ വ്യക്തിഗത ഡാറ്റാ പോയിന്‍റുകളേയും ശുദ്ധീകരിച്ചാണ് ഗവേഷണത്തിനായി ഉപയോഗപ്പെടുത്തിയത്.
സര്‍വേയ്ക്കായി ഉപയോഗിച്ച ടെലിസ്കോപ്പുകള്‍ ആസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയിന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ പാര്‍കെസ് ഒബ്സര്‍വേറ്ററിയും ജര്‍മ്മനിയിലെ മാക്സ്-പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റേഡിയോ അസ്ട്രോണമിയില്‍ ഉപയോഗിക്കുന്ന എഫെല്‍സ്ബെര്‍ഗ് 100എം റേഡിയോ ടെലിസ്കോപ്പും ആണ്.
ഇതിനു മുമ്പുള്ള ന്യൂട്രല്‍ ഹൈഡ്രജന്‍ പഠനമായ ലീഡന്‍-അര്‍ജന്‍റൈന്‍-ബോണ്‍ (ലാബ്) സര്‍വേയെ സംവേദനക്ഷമതയുടെ കാര്യത്തില്‍ രണ്ട് മടങ്ങും, ആംഗുലര്‍ റെസൊലൂഷന്‍റെ കാര്യത്തില്‍ നാല് മടങ്ങും പിന്നിലാക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments