ദുബായ് : യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വൈകാതെ സ്ഥാനമേല്‍ക്കും. നിലവില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായ ഇദ്ദേഹം ഓഗസ്റ്റില്‍ വിരമിച്ച ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാമിന്റെ ഒഴിവിലാണ് നിയമിതനാവുക. 1983ല്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ ചേര്‍ന്ന നവ്ദീപ് സിങ് സൂരി കെയ്‌റോ, ദമാസ്‌കസ്, വാഷിങ്ടണ്‍, ദാര്‍ എ സലാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായും ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയിലും വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിലും ജോലി ചെയ്തു.
ഈജിപ്തിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. നയതന്ത്ര തലങ്ങളിലെ നവീന ആശയങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന് രണ്ടു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അറബി, ഫ്രഞ്ച് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന സൂരി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്ത്യ– ആഫ്രിക്ക നയതന്ത്ര ബന്ധത്തെക്കുറിച്ചും ഐടി ഔട്ട്‌സോഴ്‌സിങ് വ്യവസായത്തെക്കുറിച്ചും പുസ്തകം എഴുതിയിട്ടുണ്ട്. കൂടാതെ മുത്തച്ഛന്‍ നാനക് സിങ് പഞ്ചാബിയില്‍ രചിച്ച രണ്ടു നോവലുകള്‍ ദ് വാച്‌മേക്കര്‍, എ ലൈഫ് ഇന്‍കംപ്ലീറ്റ് എന്നീ പേരുകളില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Post Your Comments