NewsIndia

ജയലളിതയുടെ ആരോഗ്യനില : അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ അകത്താകും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും അടിസ്ഥാനരഹിതമായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ പോലീസിന്റെ നിരീക്ഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട് 50 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളടക്കം എട്ടുപേര്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി.

അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നത് സൈബര്‍ പോലീസിന്റെ പ്രത്യേക സംഘമാണെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയോളമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും ആശുപത്രി അധികൃതരൊ അവരുടെ പാര്‍ട്ടി നേതൃത്വമോ പുറത്തുവിടുന്നില്ല. ഈ സാഹചര്യത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

ജയലളിത സെപ്‌റ്റംബർ 22 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്. ജയലളിതയെ ചികിത്സിക്കുന്നതിനുവേണ്ടി ബ്രിട്ടനില്‍നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button