NewsInternational

കാമുകനെ തട്ടിയെടുക്കുമെന്ന ഭയം : പതിനാലുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം

സാവോപോളോ: പതിനാലുകാരിയെ തല്ലിച്ചതച്ച് ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച നാലു പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റുചെയ്തു. ബ്രസീലിലാണ് സംഭവം. പിടിയിലായവര്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കൂട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലൊരു പെണ്‍കുട്ടിയുടെ കാമുകനെ പതിനാലുകാരി അടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ക്രൂരമര്‍ദ്ദനമേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.
ഇവര്‍ക്കെല്ലാം കാമുകമ്മാരുണ്ട്. പതിനാലുകാരി ഇതില്‍ ഒരാളുടെ കാമുകനുമായി ചേര്‍ന്ന് ബര്‍ത്ത്‌ഡേ ആഘോഷം പ്‌ളാന്‍ ചെയ്തു. രഹസ്യമായാണ് ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെങ്കിലും എങ്ങനെയോ ചോര്‍ന്ന് നാല്‍വര്‍ സംഘത്തിന്റെ ചെവിയിലെത്തി. അരിശം മൂത്ത അവര്‍ പ്രതികാരം ചെയ്യാനുറച്ചു. ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാനായി പതിനാലുകാരിയെ അനുനയത്തില്‍ ട്രിന്‍ഡേസ് നഗരത്തിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി.

ക്രൂരപീഡനങ്ങളാണ് പെണ്‍കുട്ടിക്ക് അവിടെ ഏല്‍ക്കേണ്ടിവന്നത്. കണ്ണുകള്‍ മൂടിക്കെട്ടിയശേഷം കൈകള്‍ പിന്നിലാക്കി ബന്ധിച്ചു. പേപ്പട്ടിയെ തല്ലുംപോലെ തടിക്കഷ്ണം കൊണ്ട് നാലുപേരും മാറി മാറി തല്ലി. ഇതിനൊപ്പം അസഭ്യവര്‍ഷവും. കൊല്ലരുതെന്ന് പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. മൃതപ്രായനായതോടെ ജീവനോടെ കുഴിച്ചുമൂടാനായി ഇവര്‍ കുഴിയുമെടുത്തു. ഇതിനിടെ കൈകളിലും ശരീരത്തിലും പറ്റിയ ചോര കഴുകിക്കളയാന്‍ നാല്‍വര്‍സംഘം പോയ തക്കത്തിന് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ വിവരമറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തെ കൈയോടെ പിടികൂടി. ഇവര്‍ കുറ്റം സമ്മതിച്ചു. പദ്ധതി വിജയിക്കാതെ പോയതില്‍ കടുത്ത നിരാശയിലാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിയിലായവര്‍ മയക്കുമരുന്നിന് അടിമകളാണോ എന്ന് സംശയിക്കുന്നുണ്ട്. സംഘത്തില്‍ ഒരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

shortlink

Post Your Comments


Back to top button