പത്തനംതിട്ട● പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കസ്‌റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഡി.ഐ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പ്രവർത്തകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐയെയും നഗരസഭാ കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാറണ്ട് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തതിനെ ചോദ്യം ചെയ്താണ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാത്രി 10.30 ഓടെയാണ് സംഭവം. വധശ്രമ കേസില്‍ വാറന്റുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ കോന്നി ഏരിയാ സെക്രട്ടറിയും എം.ജി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രമാടം സ്വദേശി അനീഷിനെയാണ് എസ്.ഐ.പുഷ്പകുമാര്‍ കസ്റ്റഡിയില്‍ എടുത്തത്.
പിന്നാലെ സ്‌റ്റേഷനിലേക്ക് എത്തിയ നഗരസഭ കൗണ്‍സിലറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റുമായ ജോണ്‍സണ്‍, സി.പി.എം കോന്നി ഏരിയാ കമ്മറ്റിയംഗവും മുന്‍ പ്രമാടം ലോക്കല്‍ സെക്രട്ടറിയുമായ മോഹനന്‍ നായര്‍ എന്നിവരും വേറെ രണ്ടു പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയത്. അനീഷിനെ കസ്റ്റഡിയില്‍ എടുത്തതിനെ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ എസ്.ഐ. പുഷ്പകുമാര്‍ മോഹനന്‍ നായരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ലകൾ തകർന്നു. കൂടാതെ ഫ്രണ്ട് ഓഫീസിലെ മേശപ്പുറത്തുണ്ടായിരുന്ന കേസ് എഴുതിയ കടലാസും മറ്റും വലിച്ചു കീറിയെറിയുകയും ചെയ്തിട്ടുണ്ട്.
Post Your Comments