ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്തനാര്‍ബുദം സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകള്‍. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ് പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാര്‍ബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത് പലപ്പോഴും തിരിച്ചറിയുന്നത് വൈകിയാണ്.
രോഗലക്ഷണങ്ങള്‍ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് പുരുഷ സ്തനാര്‍ബുദത്തെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നതെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോ. വികാസ് ഗോസ്വാമി പറയുന്നു.
മദ്യപാനത്തിനു പുറമെ അമിതവണ്ണം, കരള്‍ രോഗങ്ങള്‍, അമിത മാംസാഹാരം, വൈദ്യുത കാന്തിക വികിരണം, ചില രാസവസ്തുക്കള്‍, വര്‍ധിച്ച ചൂട് എന്നിവയും പുരുഷ സ്തനാര്‍ബുദത്തിന് കാരണമാകുന്നു.
കുടുംബത്തില്‍ പാരമ്പര്യമായി സ്തനാര്‍ബുദമുണ്ടെങ്കില്‍ അതും രോഗത്തിന് വഴിയൊരുക്കും. സ്ത്രീകളിലെ സ്തനാര്‍ബുദം 30 പേരില്‍ ഒരാള്‍ക്ക് സാധ്യത എന്നതാണ് നിരക്ക്.
എന്നാല്‍ പുരുഷന്മാരില് 400 പേരില്‍ ഒരാള്‍ക്കു മാത്രമേ സാധ്യതയുള്ളൂ. 73 ശതമാനം പേരിലും രോഗം ഭേദമാകും. പുരുഷന്മാരില് സ്ത്രീകളെ അപേക്ഷിച്ച് സ്തനകോശങ്ങള്‍ കുറവായതാണ് ഇതിനു കാരണം. അതു കൊണ്ടുതന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി പടരില്ല. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് നിയന്ത്രിക്കാന്‍ മദ്യപാനത്താല്‍ തകരാറിലാക്കിയ കരളിന് കഴിയില്ല.
ഈസ്ട്രജന് അനിയന്ത്രിതമാകുമ്പോള്‍ പുരുഷന്മാരില് സ്തനം വികസിക്കുന്നതിനും വൃഷണങ്ങള്‍ ചുരുങ്ങുന്നതിനും കാരണമാകും. കാലക്രമേണ കാന്‍സറായി മാറും. സിറോസിസ് അല്ലെങ്കില്‍ മറ്റു തരത്തിലുള്ള കരള്‍ രോഗങ്ങളുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത പതിന്മടങ്ങാണ്.
Post Your Comments