NewsBusiness

എസാർ ഓയിൽ ഇനി റഷ്യയ്ക്ക് സ്വന്തം

പനാജി: ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ പെട്രോളിയം കമ്പനിയായ എസാര്‍ ഓയില്‍ ഇനി റഷ്യയ്ക്ക് സ്വന്തം. എസാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ആയിരുന്ന എസാർ ഓയിൽ റഷ്യൻ സർക്കാർ കമ്പനിയായ റോസ്നെഫ്റ്റും പങ്കാളികളും ചേർന്നാണ് വാങ്ങിയത്. 86,100 കോടി രൂപയ്ക്കാണ് എസാര്‍ ഗ്രൂപ്പിന്‍റെ റൂയിയ സഹോദരന്മാർ രണ്ടു ദശകത്തെ പ്രയത്നം കൊണ്ടു കെട്ടിപ്പടുത്ത പെട്രോളിയം കമ്പനിയും ആസ്തികളും റഷ്യക്കാരുടെ ഉടമസ്ഥതയിലേക്ക് മാറിയത്.

ഗുജറാത്തിലെ എണ്ണശുദ്ധീകരണശാല, തുറമുഖം, രാജ്യത്തെ എസാർ പെട്രോൾ ബങ്കുകൾ, ഒരു താപവൈദ്യുതനിലയം എന്നിവയാണ് ഈ ഹൈ-വോള്‍ട്ടേജ് ബിസിനസ് ഡീലിലൂടെ റഷ്യൻ കമ്പനിയുടെ സ്വന്തമായത്. എസാർ ഓയിലിന്‍റേയും തുറമുഖത്തിന്‍റേയും 750 കോടി ഡോളർ (49,875 കോടി രൂപ) കടവും, ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന്‍റെ കുടിശിക 300 കോടി ഡോളറും (19,950 കോടി രൂപ) ഇനി റഷ്യന്‍ ഉടമസ്ഥര്‍ വീട്ടണം. ഗുജറാത്തിലെ വാൾഡിനറിൽ 4.05 ലക്ഷം ടൺ ബാരൽ പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് എസാർ ഓയിലിന്‍റെ റിഫൈനറി.

1300 കോടി ഡോളറിലധികം (88,000 കോടിരൂപ) കടബാധ്യതയിൽ ഞെരുങ്ങുകയായിരുന്നു എസാർ ഗ്രൂപ്പ്. ഇപ്പോള്‍, പെട്രോളിയം ബിസിനസ് വിറ്റൊഴിഞ്ഞതോടെ കടത്തിന്‍റെ സിംഹഭാഗവും വീട്ടാം എന്ന അവസ്ഥയിലായി എസാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റേയും സാന്നിധ്യത്തിലാണ് വില്പന പരസ്യപ്പെടുത്തിയത്. എസാർ ഓയിലിൽ 49 ശതമാനം മാത്രം വിൽക്കാൻ ആഗ്രഹിച്ച ശശി റൂയിയയും സഹോദരന്മാരും ഒടുവിൽ മുഴുവൻ വിൽക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെ എണ്ണശുദ്ധീകരണശേഷിയുടെ ഒൻപതു ശതമാനമാണ് എസാർ ഓയിലിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button