IndiaNews

വിമാനയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ വെട്ടിക്കുറയ്ക്കുന്നു

കരിപ്പൂര്‍: വിമാനത്തിലെ ഉയര്‍ന്നക്‌ളാസ് ടിക്കറ്റുകളില്‍ കുട്ടികള്‍ക്ക് നല്‍കിവന്നിരുന്ന പ്രത്യേക സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തുന്നു. ദീര്‍ഘദൂര വിമാനങ്ങളിലെ പ്രീമിയം ക്‌ളാസില്‍ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ സീറ്റുകളാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌സ്‌പേസ് നല്‍കാനെന്ന പേരിലാണ് പുതിയ നീക്കം. ഉയര്‍ന്നനിരക്ക് ഈടാക്കുന്ന സീറ്റുകളായതിനാല്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചായിരുന്നു 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ സൗജന്യം.

ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് സൗജന്യം പിന്‍വലിക്കലിന് തുടക്കമിട്ടത്.
എയര്‍ ഇന്ത്യയും മറ്റു വിമാനക്കമ്പനികളും ഇതേപാത പിന്തുടരാനുള്ള നീക്കത്തിലാണ്. ഇതോടെ പ്രീമിയം ടിക്കറ്റില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്കും തുല്യതുകയ്ക്കുള്ള ടിക്കറ്റ് എടുക്കേണ്ടിവരും. ചെറിയ കുട്ടികളുമായി ദീര്‍ഘദൂരം പറക്കേണ്ടിവരുന്ന യാത്രക്കാര്‍ക്ക് ഏറെ അസൗകര്യങ്ങളും സാമ്പത്തികപ്രയാസങ്ങളുമാണ് തീരുമാനമുണ്ടാക്കുകയെന്ന് യാത്രക്കാര്‍ പറയുന്നു.

എന്നാല്‍ വിമാനക്കമ്പനികള്‍ ഈ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. മറ്റു ക്ലാസുകളെക്കാള്‍ വളരെ ഉയര്‍ന്നനിരക്കാണ് പ്രീമിയം ക്‌ളാസുകളില്‍ വാങ്ങുന്നത്. ഇതില്‍ യാത്രചെയ്യുന്നവര്‍ കുട്ടികളുടെ കരച്ചിലും ബഹളവും സഹിക്കണമെന്നില്ല. അവര്‍ പരാതിപ്പെടുന്നപക്ഷം കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. മറ്റു യാത്രക്കാര്‍ക്ക് മനഃസമാധാനത്തോടെയുള്ള യാത്ര സാധ്യമാവുകയുമില്ല. പുതിയ വ്യോമയാന നയം അധികസ്ഥലത്തിനും ഭക്ഷണത്തിനും ബാഗേജിനും അധികതുക ഈടാക്കാന്‍ അനുവദിക്കുന്നുമുണ്ട്. മറ്റു സീറ്റുകള്‍ കുറഞ്ഞതുകയ്ക്ക് നല്‍കുമ്പോള്‍ പ്രീമിയം സീറ്റുകള്‍ മാത്രമാണ് കൂടിയ തുകയ്ക്ക് നല്‍കാനാവുക. ഇവിടെ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടിയുംവരും. വിമാനങ്ങളില്‍ കുട്ടികളുമായി പ്രീമിയം സീറ്റില്‍ യാത്രചെയ്യുന്നത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പല വിമാനക്കമ്പനികളും പ്രീമിയം സീറ്റുകള്‍ നിശ്ശബ്ദസോണായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയുമാണ്. വിദേശകമ്പനികളില്‍ പലതിലും ഇപ്പോള്‍ത്തന്നെ പ്രീമിയം ക്‌ളാസിലെ ഒന്നുമുതല്‍ നാലുവരെയും 11 മുതല്‍ 14 വരെയും സീറ്റുകള്‍ നിശ്ശബ്ദസോണ്‍ ആണ്. ഇത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കില്ല. എയര്‍ ഏഷ്യ ഈ മേഖല ചൈല്‍ഡ് ഫ്രീ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് അധികതുകയും ഈടാക്കുന്നു. 2011ല്‍ മലേഷ്യന്‍ എയര്‍ലൈനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. ഇവര്‍ക്കുപിറകെ സിംഗപ്പൂര്‍ എയര്‍ലൈനും വിമാനങ്ങളില്‍ കുട്ടികളില്ലാത്ത ഏരിയ പ്രഖ്യാപിച്ചു. ഇതാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളും മാതൃകയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button