തിരുവനന്തപുരം: ഡിവൈ. എസ്. പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് സഹായമൊരുക്കിയ രണ്ട് ഗ്രേഡ് എസ്. ഐമാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചു. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ഷാജി തോമസ്, കെ . ശശി എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ഡിവൈ.എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായ ആലപ്പുഴ കളര്‍കോട് സ്വദേശി പ്രദീപിനെ സഹായിച്ചതിന്റെ പേരിലാണ് എസ്.ഐമാര്‍ക്കെതിരെ നടപടി. പ്രൈവറ്റ് ഡിക്ടറ്റീവ് സെക്യൂരിറ്റി സര്‍വീസില്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്ന് പ്രദീപ് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. തമ്പാനൂരിലെ ലോഡ്ജുകളില്‍ താമസിച്ചായിരുന്നു തട്ടിപ്പ്.
എസ് ഐമാരായ ഷാജിയും ശശിയും ഈ ലോഡ് ജുകളിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു . പ്രദീപിനൊപ്പം ഇവര്‍ പല ദിവസങ്ങളിലും മദ്യപിച്ചിരുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. എസ്. ഐമാര്‍ പ്രദീപിന്റെ ഫോണിലേക്ക് സ്ഥിരം വിളിക്കുമായിരുന്നുവെന്നും ഇവരെ കാണാന്‍ പ്രദീപ് തമ്പാനൂര്‍ സ്റ്റേഷനിലെത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. താന്‍ ഡിവൈ. എസ്. പിയാണെന്നും സ്റ്റേഷനിലെത്തിയിട്ട് പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നും പറഞ്ഞ് ഇയാള്‍ ക്ഷുഭിതനാകുകയും ചെയ്തിട്ടുണ്ട്. ഡി വൈ എസ് പിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രദീപ് എസ്. ഐമാരെ പരിചയപ്പെട്ടത്. സ്റ്റേഷന്റെ ചുമതലയുള്ളവരാണ് ഇവരെന്നായിരുന്നു പ്രദീപിന്റെ ധാരണ. എന്നാല്‍ പിടിയിലായതിനു ശേഷമാണ് ഇവര്‍ ഗ്രേഡ് എസ്. ഐമാരാണെന്ന് പ്രദീപ് അറിയുന്നത്.
Post Your Comments