India

പാകിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി

ന്യൂഡല്‍ഹി/കറാച്ചി● പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഇന്ത്യയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ നിര്‍ത്തി. കറാച്ചി-മുംബൈ, കറാച്ചി-ഡല്‍ഹി സര്‍വീസുകളാണ് നിര്‍ത്തിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് പി.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ലാഹോര്‍-ന്യൂഡല്‍ഹി സര്‍വീസ് സാധാരണ നിലയിൽ നടക്കുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായി യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി പി.ഐ.എ പറയുന്നു. റദ്ദാക്കിയ വിമാനത്തില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്ത യാത്രക്കാർക്ക് പാക് എയർലൈൻസിന്റെ മറ്റു വിമാനങ്ങളിളോ, മറ്റ് വിമാനക്കമ്പനികളുടെ വിമാനത്തിലോ യാത്ര സൗകര്യം ഒരുക്കുമെന്നും എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പാകിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്നില്ല. ഇരുരാജ്യങ്ങളിലേക്കും നേരിട്ട് സര്‍വീസ് നടത്തുന്നത് പാക് എയർലൈൻസ് മാത്രമാണ്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞമാസം പാകിസ്ഥാന് മുകളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗള്‍ഫിലേക്കും, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക എന്ന പാക് തന്ത്രമാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button