തിരുവനന്തപുരം: പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ മതസംഘടനകളുമായി ബന്ധമുള്ളവര്‍ക്കു പങ്കുള്ള കേസുകള്‍ പൊലീസ് പ്രത്യേകം പരിശോധിക്കുന്നു. ഐഎസ് ബന്ധമുള്ളവര്‍ കേരളത്തിലുള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മതതീവ്രവാദ സ്വഭാവമുള്ള കേസുകളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നടപടി.
ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ റിപ്പോര്‍ട്ട് ഡിജിപി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, 2006 മുതല്‍ ഈ വര്‍ഷം വരെ കേരളത്തില്‍ നടന്ന പ്രധാന കേസുകളുടെ ഫയല്‍ സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ കഴിഞ്ഞദിവസം കൈമാറി. ആയുധനിയമപ്രകാരം അറസ്റ്റിലായവരുടെയും വിവിധ കേസുകളിലെ, സിമി, എസ്ഡിപിഐ ബന്ധമുള്ള പ്രതികളുടെയും കേസുകളുടെ പൂര്‍ണവിവരമാണ് ഫയലിലുള്ളത്.
വര്‍ഗീയ സംഘര്‍ഷങ്ങളും തീവ്രവാദസ്വഭാവമുള്ള കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ കേന്ദ്രം ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണങ്ങളെ ബലപ്പെടുത്തുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനാണ് കേസുകളുടെ വിശദവിവരം കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിനു സംസ്ഥാനം കൈമാറി. ഗവര്‍ണറും ഇതു സംബന്ധിച്ച വിശദീകരണം തേടിയിരുന്നു.
Post Your Comments