ജക്കാര്‍ത്ത● ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന്റെ ബാത്ത്റൂമില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ എത്തിയ വിമാനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജക്കാര്‍ത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം വൃത്തിയാക്കുന്നതിനിടെ ക്ലീനര്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് മാസത്തിനും ഏഴ് മാസത്തിനുമിടയിലാണ് നവജാത ശിശുവിന്റെ പ്രായം. ടോയ്ലറ്റില് ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംഭവുമായി ബന്ധപ്പെട്ട് കുടിയേറ്റ ജോലിക്കാരിയെ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തെന്നും ഇവരെ വൈദ്യപരിശോധനയ്ക്കായി കിഴക്കന്‍ ജക്കാര്‍ത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുവതിയും കുഞ്ഞും തമ്മിലുള്ള ബന്ധം വ്യക്തമല്ല. വൈദ്യപരിശോധന ഫലം വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. യുവതി വിമാനത്തില്‍ വച്ചാണോ കുഞ്ഞിന് ജന്മം നല്‍കിയതെന്ന കാര്യവും വ്യക്തമല്ല.
ഗര്‍ഭഛിദ്രത്തിനെതിരെ കടുത്ത നിയമമുള്ള രാജ്യങ്ങളാണ് ഇന്തോനേഷ്യയും ഖത്തറും. സ്ത്രീയുടെ ജീവന് അപകടത്തിലാകുന്ന ഘട്ടങ്ങളില്‍ മാത്രമേ ഈ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കൂ.
പിടിയിലായ യുവതി വിവാഹിതയാണോ എന്ന കാര്യവും വ്യക്തമല്ല. അവിവാഹിതയായ സ്ത്രീ പ്രസവിച്ചാല്‍ ഖത്തറില്‍ അറസ്റ്റിലായേക്കാം. സംഭവത്തോട് പ്രതികരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് വിസമ്മതിച്ചു.
Post Your Comments