കൊച്ചി : ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിപ്പോയ കുട്ടിക്കുറ്റവാളികള്‍ അറസ്റ്റില്‍. അടിമാലി സ്വദേശിയായ 17 കാരനും കുമരകം സ്വദേശിയായ 16 കാരനുമാണ് പിടിയിലായത്. ജുവനൈല്‍ ഹോമില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി ചാടിപ്പോയ മൂന്നു പേരില്‍ രണ്ടു പേരാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. നെടുമ്പാശേരിയില്‍നിന്ന് വാഹനം മോഷ്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 2015 മുതല്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്നയാളാണ് ഒരാള്‍. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ് രണ്ടാമന്‍.
എറണാകുളത്തെത്തിയ സംഘം സ്‌കൂട്ടര്‍ മോഷ്ടിച്ച് ഒരു ഫ്‌ളാറ്റിലെത്തി സെക്യൂരിറ്റി ജീവനക്കാരന്റെ ആറായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. യാത്രക്കിടെ കേടായ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മറൈന്‍ഡ്രൈവില്‍ നിന്നും സൗത്ത് റെയിവെ സ്‌റ്റേഷനില്‍ നിന്നും ഓരോ ബൈക്കുകള്‍ മോഷ്ടിച്ചു. മോഷ്ടിച്ച ബൈക്കുമായി ഗോശ്രീ റോഡിലൂടെ പോകുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഒരാള്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ. വിജയശങ്കര്‍ അറിയിച്ചു
Post Your Comments