Kerala

എന്‍.ഐ.എ പിടികൂടിയ ഐ.എസ് അനുഭാവിയുടെ വീടിന് നേരെ ആക്രമണം

കുറ്റ്യാടി● ഐ.എസ് ബന്ധത്തിന്റെ പേരില്‍ കുറ്റ്യാടിയില്‍ നിന്നും ദേശീയ അന്വേഷണ സംഘം (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്ത വളയന്നൂരിലെ എന്‍.കെ. റംഷാദിന്റെ വീടിന് നേരെ ആക്രമണം. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് നങ്ങീലിക്കണ്ടിമുക്ക്-വളയന്നൂര്‍ റോഡിലുള്ള വീടിന് നേരെ ആക്രമണമുണ്ടയത്. ആക്രമണത്തില്‍ വീടിന്റെ മിക്ക ജനല്‍ചില്ലുകളും വൈദ്യുതി മീറ്ററും വാട്ടര്‍ ടാപ്പുകളും തകര്‍ന്നു.

ആക്രമണ സമയത്ത് വീട്ടുകാര്‍ ബന്ധുവീട്ടില്‍ ആയിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ജനല്‍ ചില്ലുകളും വൈദ്യുതി മീറ്ററും വാട്ടര്‍ ടാപ്പുകളും തകര്‍ത്ത സംഘം വരാന്തയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ മുറ്റത്തേക്ക് എടുത്തെറിഞ്ഞു. ഗേറ്റിലെ വൈദ്യുതി വിളക്കുകളും തകര്‍ത്തു. പരിസരവാസികള്‍ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോഴേക്ക് ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ഹര്‍ത്താലനുകൂലികളാണെന്ന് ചില ചാനലുകളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടിക്ക് സംഭവത്തില്‍ ബന്ധമില്ലെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ്‌ റംഷാദിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പിതൃസഹോദരന്‍ അബ്ദുല്ലയുടെ മകന്‍ ജാസിമിനെയും അറസ്റ്റ് ചെയ്തിരുന്നു. റംഷാദിന്റെ അറസ്റ്റോടെ വീട്ടില്‍ ഉമ്മ റംലയും സഹോദരങ്ങളായ കുട്ടികളും മാത്രമായതിനാല്‍ ബന്ധു വീട്ടിലാണ് ഇവര്‍ താമസം. പിതാവ് വിദേശത്താണ്.

shortlink

Post Your Comments


Back to top button